ന്യൂഡൽഹി: ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. മാത്രമല്ല, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആസിഡ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച ചോദിച്ചു. അതിജീവിച്ചവർക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ മൂന്നുലക്ഷം രൂപ, ഇരയുടെ ജീവിതാവസാനംവരെയുള്ള ചികിത്സയ്ക്കും നഷ്ടപ്പെട്ട ജീവിതം വീണ്ടെടുക്കുന്നതിനും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര പദ്ധതികളുടെ മെച്ചപ്പെട്ട നടപ്പാക്കൽ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആസിഡ് ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യങ്ങളാണെന്നും ഇത്തരം പ്രവൃത്തികൾ തടയുന്നതിന് വളരെ കഠിനമായ ശിക്ഷ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
2009-ൽ നടന്ന ആസിഡ് ആക്രമണ അതിജീവിതയും എൻജിഒ ബ്രേവ് സോൾസ് ഫൗണ്ടേഷൻ സ്ഥാപകയുമായ ഷഹീൻ മാലിക്കിന്റെ പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങൾ. തന്റെ കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഒരു കീഴ്‌ക്കോടതി വെറുതെ വിട്ടതായി ഷഹീൻ കോടതിയെ അറിയിച്ചു. ആക്രമണം നടന്നപ്പോൾ തനിക്ക് 26 വയസ്സായിരുന്നു എന്നും കേസ് നടത്താൻ 16 വർഷം ചെലവഴിച്ചുവെന്നും ഇപ്പോൾ തനിക്ക് 42 വയസ്സുണ്ടെന്നും അവർ കോടതിയിൽ വ്യക്തമാക്കി.ഉന്നത കോടതിയിൽ ഷഹീന്റെ കേസ് നടത്താൻ ഏറ്റവും നല്ല വക്കീലിനെ ലഭ്യമാക്കുമെന്ന് സുപ്രീം കോടതി ഉറപ്പുനൽകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴ് വർഷമായി തീർപ്പാകാതെ കിടക്കുന്ന വാദം വേഗത്തിലാക്കാൻ കീഴ്‌ക്കോടതിക്ക് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അതുപോലെതന്നെ, 2016-ലെ ആക്ട് അനുസരിച്ച്, ആസിഡ് ഏറിൽ അപകടം പറ്റിയവരെ മാത്രമേ ഭിന്നശേഷിക്കാരായി പരിഗണിക്കുന്നുള്ളൂ എന്നും നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കപ്പെട്ടവരെ നിയമം പരിരക്ഷിക്കുന്നില്ലെന്നും ഷഹീൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും കോടതി പ്രതികരണങ്ങൾ തേടിയിരുന്നു. ആസിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള വർഷം തിരിച്ചുള്ള ഡാറ്റ സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കുറ്റപത്രങ്ങൾ, തീർപ്പാക്കാത്ത കേസുകൾ, ഇരകളുടെ വിദ്യാഭ്യാസം, വൈവാഹികനില, തൊഴിൽ തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.സ്ത്രീധന മരണങ്ങൾക്കുള്ള നിയമം പോലെ, തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഇരകളിൽനിന്ന് പ്രതികളിലേക്ക് മാറുന്ന നിയമത്തെക്കുറിച്ച് പരിഗണിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു. 2013 ജൂലൈയിൽ, ആസിഡ് വിൽപ്പന കർശനമായി നിയന്ത്രിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സാധുവായ തിരിച്ചറിയൽ രേഖയോടെ മാത്രമേ ആസിഡ് വിൽക്കാൻ പാടുള്ളൂ, വാങ്ങുന്നവർ ഉദ്ദേശ്യം വ്യക്തമാക്കണം, വിൽപ്പന പോലീസിന് റിപ്പോർട്ട് ചെയ്യണം, 18 വയസ്സിന് താഴെയുള്ളവർക്ക് ആസിഡ് വിൽക്കാൻ പാടില്ല എന്നിങ്ങനെയായിരുന്നു കോടതിയുടെ നിർദേശം.














