കൊച്ചി ∙ പാറക്കുളത്തിൽ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ കൊറിയൻ സുഹൃത്ത് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലുമായിരുന്നോ? സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ (16) ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.
എന്നാൽ കൊറിയൻ സുഹൃത്ത് എന്ന പേരിൽ മറ്റാരെങ്കിലും ആദിത്യയെ പറ്റിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ലോക്ക് ആയിരിക്കുന്ന ആദിത്യയുടെ ഫോൺ തുറന്നു പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് ചോറ്റാനിക്കര പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച ആദിത്യ. ചൊവ്വാഴ്ച രാവിലെ 7.45ന് ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായി പോയ ആദിത്യയെ വൈകാതെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയൻ വംശജൻ ഈ മാസം 19ന് അപകടത്തിൽ മരിച്ചെന്നും ഈ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്.
ഒരു വിധത്തിലും പ്രതീക്ഷിക്കാതെയുണ്ടായ നടുക്കത്തിലാണ് ആദിത്യയുടെ കുടുംബവും നാടും. മുങ്ങി മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പറയുന്നത്. മറ്റെന്തെങ്കിലും ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസിന്റെ അന്വേഷണത്തിൽ എന്താണ് സംഭവിച്ചത് എന്നു തെളിയുമെന്നാണ് കുടുബം കരുതുന്നത്.
കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ വരുന്ന കൊറിയൻ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.ആദിത്യക്ക് കൊറിയൻ സുഹൃത്തിന്റേത് എന്ന പേരിൽ വാച്ച് അടക്കമുള്ള ചില സമ്മാനങ്ങൾ ലഭിച്ചിരുന്നതായും പൊലീസിന് വിവരമുണ്ട്. ഇതു മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിക്കാനായി ചെയ്തതാണോ എന്ന സംശയവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങളുമാണ് ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.














