Kerala

കോര്‍പ്പറേഷന്‍ ചുമത്തിയ 19.97 ലക്ഷം പിഴ അടയ്ക്കാതെ ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുമതി ഇല്ലാതെ ഫ്ളക്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കാതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് അനുമതി ഇല്ലാതെ ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സ്ഥാപിച്ചത്.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി നാല് ദിവസമായിട്ടും ഇത് വരെ ബിജെപി പിഴയടച്ചില്ല. ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ബിജെപിക്കു നോട്ടിസ് അയച്ചത്. വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതു ചൂണ്ടിക്കാട്ടി 19.97 ലക്ഷം രൂപ പിഴ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടിയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റവന്യൂ ഓഫിസര്‍ 23ന് നോട്ടിസ് നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ പിഴത്തുക അടച്ച് തുടര്‍നടപടികള്‍ ഒഴിവാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

പിഴ നോട്ടീസിന്റെ പകര്‍പ്പ് സഹിതം കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കന്റോണ്‍മെന്റ്, തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പ്രചാരണാര്‍ഥം ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും കോര്‍പ്പറേഷന്‍ ബിജെപിക്ക് 36,000 രൂപയുടെ പിഴ നോട്ടിസ് നല്‍കിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.