തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ദുരൂഹ സാമ്പത്തിക ഇടപാട് കണ്ടെത്തി എസ്‌ഐടി. തന്ത്രി 2024-ൽ സ്വകാര്യ ബാങ്കിൽ ഒറ്റത്തവണയായി നിക്ഷേപിച്ചത് രണ്ടരക്കോടി രൂപയാണ്. എന്നാൽ, ഈ ബാങ്ക് പിന്നീട് പൂട്ടിപ്പോവുകയും പണം നഷ്ടമാവുകയും ചെയ്തിട്ടും തന്ത്രി രാജീവര് പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
എസ്ഐടി രാജീവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്‌ഐടി വിലയിരുത്തുന്നത്.
സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് എസ്‌ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.സ്വർണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് ദീർഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.














