Kerala

ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഉന്നയിച്ചിരുന്നത്. കേസിൽ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു അറസ്റ്റ്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാം നിഷേധിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന് അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നു. രാഹുൽ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നായിരുന്നു മൊഴി. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. തന്റെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. സാമ്പത്തികമായി ചൂഷണം ചെയ്തു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു.മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെയാണ് മൂന്നാമത്തെ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.