കേരളത്തിൽ വിലസുന്ന കാട്ടാനകളിലെ സെലബ്രിറ്റിയാണ് പടയപ്പ. നിലവിൽ മദപ്പാടിലാണ് കാട്ടുകൊമ്പൻ. ഇടതുചെവിയുടെ ഭാഗത്തായാണു മദപ്പാട് കണ്ടെത്തിയത്. ഇതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചർമാരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആനയ്ക്ക് മദമിളകിയെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതെന്താണെന്ന് പലർക്കും അറിയില്ല. ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
മദപ്പാട് എന്നത് പ്രായപൂർത്തിയായ കൊമ്പനാനകളിൽ സാധാരണയായി ഉണ്ടാകുന്ന ശാരീരികാവസ്ഥയാണ്. ഇതൊരു രോഗമല്ല, ലൈംഗികഹോർമോണുകളുടെ വർധനവ്, പ്രകൃതിയിൽ ഇണചേരാനുള്ള തയാറെടുപ്പ്, ആധിപത്യം സ്ഥാപിക്കൽ എന്നിവ സൂചിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് 60 മുതൽ 140 ഇരട്ടിവരെ വർധിക്കുന്ന ഈ സമയത്ത് ശരീരത്തിൽ നീരുവരുകയും ഭാരക്കൂടുതൽ അനുഭവപ്പെടുകയും ചെയ്യുന്നു. തലയിലെ മദഗ്രന്ഥിയിൽ വീക്കം ഉണ്ടാവുകയും കണ്ണിനും ചെവിക്കുമിടയിലെ ഭാഗത്തുനിന്ന് കൊഴുത്ത കറുത്തനിറമുള്ള സ്രവം ഒലിച്ചിറങ്ങുകയും ചെയ്യും. അതാണ് മദപ്പാട്.
രൂക്ഷഗന്ധമുള്ള ഈ മദജലത്തിലെ ഫിറമോണുകൾ ആനകളുടെ ആശയവിനിമയത്തിനും ഇണകളെ ആകർഷിക്കാനും സഹായിക്കുന്നു. ഈ സമയത്ത് ചെവിയാട്ടുമ്പോൾ ഈ ഗന്ധം വളരെ ദൂരത്തിൽ എത്തുന്നുണ്ട്. മരങ്ങളിലും പാറയിലും ഉരസുന്നതിലൂടെ മറ്റ് ആനകൾക്ക് മുന്നറിയിപ്പ് കൂടി നൽകുന്നുണ്ട്. ഇണചേരാനുള്ള താൽപര്യവും മറ്റ് ആൺ ആനകളോട് മത്സരബുദ്ധിയും കൂടുന്ന ഈ സമയത്ത് ഇണചേരാൻ അനുവദിക്കാതിരിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ ചെയ്താൽ ആനകളിൽ മദിമിളകുന്നത് വർധിക്കും. ആനയ്ക്ക് മാനസികവും ശാരീരികവുമായി സമ്മർദം ഉണ്ടാകുന്ന ഈ സമയം അകലം പാലിക്കുന്നതാണ് നല്ലതെന്ന് കേരള വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി പകുതിയോടെയാണു പടയപ്പയിൽ മദപ്പാട് കണ്ടെത്തിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നതു പതിവാണ്. കഴിഞ്ഞ വർഷം മദപ്പാട് കാലത്ത് മുപ്പതിലധികം വാഹനങ്ങൾ പടയപ്പ ആക്രമിച്ചു കേടുവരുത്തിയിരുന്നു. ഇത്തവണ കന്നിമല ലോവർ ഡിവിഷനിലെ ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.














