Kerala

സ്വർണം പണയം വയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതും കൂടി

മലപ്പുറം∙ വില പിടിവിട്ട് ഉയരുന്നത് തുടരുന്നതിനാൽ സ്വർണം പണയം വയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതും കൂടി. മുൻകൂട്ടി ബുക്ക് ചെയ്ത് ആവശ്യമുള്ള സമയത്ത് പഴയ വിലയ്ക്ക് സ്വർണം നൽകുന്ന സ്കീമുകൾ പല ജ്വല്ലറികളും നിർത്തി. അതേസമയം, നിക്ഷേപമെന്ന നിലയിൽ വെള്ളി വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടെന്ന് ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്വർണം പോലെ വെള്ളിയുടെ വിലയും ദിനംപ്രതി വർധിക്കുകയാണ്. ഈ മാസം 1ന് ഗ്രാമിന് 243 രൂപയായിരുന്ന വെള്ളി വില ഇപ്പോൾ 370 ആണ്. വെള്ളി ആഭരണങ്ങൾക്കും ആവശ്യക്കാരേറുന്നുണ്ട്. പണയത്തിനു പ്രിയംബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വർണം പണയം വയ്ക്കാനെത്തുന്നവരുടെ എണ്ണം വൻ തോതിൽ കൂടിയിട്ടുണ്ട്. നേരത്തെ ചെറിയ അളവിലുള്ള സ്വർണാഭരണങ്ങൾ വിൽക്കുന്നത് ട്രെൻഡ് ആയിരുന്നു. എന്നാൽ, ഇപ്പോൾ ആഭരണം വിൽക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. ചെറിയ അളവ് സ്വർണമാണെങ്കിലും മോശമല്ലാത്ത തുക ലഭിക്കുമെന്നതിനാൽ പണയം വയ്ക്കാനാണു ജനത്തിനു പ്രിയം. പവന്റെ വില ലക്ഷം കടന്നതോടെ പണയം വയ്ക്കാനെത്തുന്നവരുടെ എണ്ണത്തിൽ 25%വരെ വർധനയുണ്ടായതായി മലപ്പുറത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പറഞ്ഞു. നിലവിൽ പവന് 85 000 മുതൽ 90 000 രൂപ വരെയാണ് പണയത്തിനു നൽകുന്നത്.

തൽക്കാലമില്ല സ്കീമുകൾമുൻകൂട്ടി പണം നൽകി ആവശ്യമുള്ള സമയത്ത് പണിക്കൂലിയില്ലാതെ സ്വർണം വാങ്ങാവുന്ന സ്കീമുകൾ പല ജ്വല്ലറികളും നടത്തിയിരുന്നു. സാധാരണക്കാർക്കിടയിൽ ജനപ്രിയമായിരുന്ന പദ്ധതി സ്വർണ വില കുതിച്ചുയർന്നതോടെ ചിലർ നിർത്തി. നേരത്തെ തുടങ്ങിയ പദ്ധതി തുടരുന്ന ജ്വല്ലറികളുമുണ്ട്. കല്യാണത്തിനും മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങൾക്കും എടുക്കുന്ന സ്വർണത്തിന്റെ അളവിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ 19 പവൻ എടുത്തിരുന്നവർ ഇപ്പോൾ അതു പകുതിയാക്കി.വെള്ളിത്തിളക്കംഎന്റെ പൊന്നേ എന്നതിനു പകരം എന്റെ വെള്ളീയെന്നു വിളിച്ചാലും ആരും പിണങ്ങില്ല. സ്വർണം പോലെ വെള്ളിക്കും ഇപ്പോൾ നല്ല കാലമാണ്. ഒരു മാസത്തിനിടെ ഗ്രാമിന് 150 രൂപവരെ കൂടി. നിക്ഷേപമെന്ന നിലയിൽ വെള്ളി വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വെള്ളി ആഭരണങ്ങൾക്കും ആവശ്യക്കാരേറെയിട്ടുണ്ട്. നേരത്തെ അരഞ്ഞാണമുൾപ്പെടെ വെള്ളി കൊണ്ടുള്ള ആഭരണങ്ങൾക്ക് മലബാറിൽ പ്രിയമേറെയായിരുന്നു. പിന്നീട് ഇത് സ്വർണത്തിലേക്കു മാറി. ഇപ്പോൾ വെള്ളിയോടുള്ള ഇഷ്ടം മടങ്ങിവരുന്നതായി വിൽപനയിലെ ട്രെൻഡുകൾ കാണിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.