മലയാള സിനിമയിലെ വിസ്മയമായ ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയായും, ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിച്ച ‘സ്ത്രീ’ എന്ന പരമ്പരയിലെ ഇന്ദുവായും പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് വിനയപ്രസാദ്. കന്നഡ സ്വദേശിനിയാണെങ്കിലും മലയാളത്തിന്റെ തനിമയുള്ള വിനയപ്രസാദിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും ജീവിതത്തിലെ കയ്പേറിയ പോരാട്ടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്.. അപ്രതീക്ഷിതമായി വന്ന വിയോഗങ്ങളും പ്രതിസന്ധികളും തളർത്താത്ത ഒരു കലാകാരിയുടെ കരുത്തുറ്റ ജീവിതകഥയാണ് നടിയുടേതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.‘‘സങ്കടങ്ങളൊക്കെ മഞ്ഞുതുള്ളി പോലെയാണ്; പ്രതീക്ഷയുടെ സൂര്യരശ്മി തട്ടുമ്പോൾ അത് അലിഞ്ഞുമാറും. യാഥാർത്ഥ്യങ്ങളുടെ കഠിനമായ ചോദ്യങ്ങൾ അലട്ടുമ്പോൾ, അതിന്റെ മറുതുമ്പത്ത് നമ്മളറിയാതെ ഒരു പ്രഭാതം നമുക്കായി ഉദയംകൊള്ളും. അഭിനയമികവുകൊണ്ടും അംഗലാവണ്യം കൊണ്ടും കണ്ണുകളിലൂടെ കഥ പറയുന്ന നടി വിനയപ്രസാദിന്റെ അഭിനയവും ജീവിതവുമാകട്ടെ ഈ എപ്പിസോഡ്. ലാളിത്യമാർന്ന സുന്ദരമായ മുഖത്തിൽ വശ്യതയാർന്ന വിടർന്ന കണ്ണുകളും സദാ ചെറുപുഞ്ചിരിയും പേറി, പേരിനെ അന്വർത്ഥമാക്കും വിധം വിനയവുമുള്ള നടിയാണ് വിനയപ്രസാദ്. ഈ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്നത് ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയെയാണ്.
ആ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സംവിധായകൻ ഫാസിൽ അവരോട് പറഞ്ഞ ഒരു കാര്യമുണ്ട്; തന്റെ കഥാപാത്രം തീരെ ചെറുതാണെന്നും അത് ശ്രദ്ധിക്കപ്പെടുമോ എന്നും വിനയപ്രസാദ് സംശയം പ്രകടിപ്പിച്ചപ്പോൾ, ‘ക്യാരക്ടർ ചെറുതാണെങ്കിലും ഇംപാക്ട് ലോങ് ലാസ്റ്റിങ് ആയിരിക്കും’ എന്നായിരുന്നു ഫാസിലിന്റെ മറുപടി. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞപ്പോൾ അത് അക്ഷരംപ്രതി ശരിയായി ഭവിച്ചു. വാസ്തവത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടി സിത്താരയെ ആയിരുന്നു. നടൻ സൗബിന്റെ പിതാവായ ബാബു ഷാഹിറും ഫാസിലിന്റെ സഹോദരീപുത്രൻ ഷാജിയും ചേർന്നാണ് സിത്താരയെ കണ്ട് സമ്മതം വാങ്ങിയത്.
എന്നാൽ സിത്താര ചോദിച്ച പ്രതിഫലം നായികയായ ശോഭനയേക്കാൾ കൂടുതലായതിനാൽ അവരെ ഒഴിവാക്കുകയായിരുന്നു; ഭീമമായ തുക ചോദിക്കാൻ അവരെ പ്രേരിപ്പിച്ചത് ക്യാമറാമാൻ വിപിൻ ദാസാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് ശ്രീദേവിക്കായുള്ള തിരച്ചിലിനിടയിൽ മോഹൻലാൽ തന്നെയാണ് വിനയപ്രസാദിനെ ശുപാർശ ചെയ്തത്. ബെംഗളൂരിലെ ഒരു മലയാളി അസോസിയേഷൻ പരിപാടിക്കിടെയാണ് ലാൽ അവരെ പരിചയപ്പെടുന്നത്. ‘മണിച്ചിത്രത്താഴി’ന്റെ കഥയും പാട്ടുമൊക്കെ ചിട്ടപ്പെടുത്തുന്ന സമയത്ത് പലപ്പോഴും ഞാനും പാച്ചിക്കയോടൊപ്പം (ഫാസിൽ) ഉണ്ടായിരുന്നു. അഞ്ച് സിനിമയ്ക്കുള്ള സ്ക്രിപ്റ്റിൽ നിന്നും കാച്ചിക്കുറുക്കിയെടുത്ത കഥയാണിത്. കഥ കേട്ടു കഴിഞ്ഞപ്പോൾ ശ്രീദേവി ആരായിരിക്കും എന്ന ആകാംക്ഷ മോഹൻലാലിന്റെ മനസ്സിലും തോന്നിയിരിക്കാം.
കർണാടകയിലെ ഉടുപ്പി സ്വദേശിനിയായ വിനയ ഭട്ട്, എഡിറ്ററായ പ്രസാദിനെ വിവാഹം കഴിച്ച ശേഷമാണ് വിനയപ്രസാദ് ആയി മാറിയത്. ശബ്ദകലാകാരിയായി തുടക്കം കുറിച്ച അവർ ഓൾ ഇന്ത്യ റേഡിയോയിലെ നാടകങ്ങളിൽ സജീവമായിരുന്നു. ദൂരദർശനിലെ ഒരു സീരിയലിലൂടെ അഭിനയരംഗത്തെത്തിയ അവർ, പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുൻപേ കൈക്കുഞ്ഞുമായിട്ടാണ് സെറ്റിലെത്തിയത്. കന്നഡ സിനിമയിൽ തിളങ്ങിയ ശേഷം തോപ്പിൽ ഭാസിയുടെ മകൻ അജയൻ സംവിധാനം ചെയ്ത ‘പെരുന്തച്ചൻ’ എന്ന ചിത്രത്തിലൂടെയാണ് അവർ മലയാളത്തിലെത്തുന്നത്. ഭാർഗവി തമ്പുരാട്ടിയായി അഭിനയിക്കുമ്പോൾ മലയാളം ഒട്ടും അറിയില്ലായിരുന്നെങ്കിലും ഡയലോഗുകൾ കന്നഡയിൽ എഴുതിയെടുത്ത് പഠിച്ചാണ് അവർ അവതരിപ്പിച്ചത്.എന്നാൽ ഇന്ന് വിനയപ്രസാദിന്റെ മലയാളം ഉച്ചാരണശുദ്ധി ഏറെ മനോഹരമാണ്. ‘മണിച്ചിത്രത്താഴി’ന്റെ ചിത്രീകരണം തൃപ്പൂണിത്തറ പാലസിലും പത്മനാപുരം കൊട്ടാരത്തിലുമായിരുന്നു. ഈ കൊട്ടാരങ്ങൾ ഷൂട്ടിങിനായി വിട്ടു കിട്ടാൻ അന്നത്തെ മന്ത്രി ടി.എം. ജേക്കബ് സഹായിച്ചു. ഷൂട്ടിങിന് മുൻപ് ഗണേഷ് കുമാറിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിന് പോയപ്പോൾ തന്റെ മകനെ ഫാസിലിന്റെ പടത്തിൽ ഒന്ന് അഭിനയിപ്പിക്കണമെന്ന ഗണേഷിന്റെ അമ്മയുടെ ആഗ്രഹം ഞാൻ പാച്ചിക്കയെ അറിയിച്ചു; അങ്ങനെയാണ് ഗണേഷ് കുമാർ ഈ ചിത്രത്തിന്റെ ഭാഗമായത്. സെറ്റിൽ വിനയപ്രസാദിന് വലിയ ആശ്വാസമായത് ശോഭനയുടെ സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു.
‘മണിച്ചിത്രത്താഴി’ലെ ശ്രീദേവി പോലെ തന്നെ ‘സ്ത്രീ’ എന്ന സീരിയലിലെ ഇന്ദുവും അവർക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഗാന്ധിജിയുടെ ചെറുമകന്റെ ഭാര്യ സരസ്വതി ഗാന്ധി പോലും സീരിയലിലെ ഇന്ദുവിന്റെ വിവാഹകാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ശ്രീകണ്ഠൻ നായരെ വിളിച്ച സംഭവം രസകരമാണ്. സ്ത്രീജന്മം പുണ്യജന്മമെന്ന് പറയുമ്പോഴും അവരുടെ ജീവിതത്തിൽ ചില ട്രാജഡികൾ സംഭവിച്ചു. ഏഴു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, വിനയപ്രസാദിന് 28 വയസ്സുള്ളപ്പോൾ ഭർത്താവ് അകാലത്തിൽ അന്തരിച്ചു. എന്നാൽ തളർന്നിരിക്കാതെ നാലാം ദിവസം തന്നെ അവർ ഷൂട്ടിങിനു പോയി. അത് പലരും വിമർശിച്ചെങ്കിലും, കരഞ്ഞിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ലെന്ന പ്രായോഗിക ബുദ്ധിയാണ് അവർ കാണിച്ചത്.പിന്നീട് മകൾക്ക് 14 വയസ്സുള്ളപ്പോൾ അവർ ജ്യോതിപ്രകാശിനെ വിവാഹം കഴിച്ചു. തന്റെ പേരിനൊപ്പമുള്ള ആദ്യ ഭർത്താവിന്റെ പേര് മാറ്റാൻ നിർബന്ധിക്കാത്ത ജ്യോതിപ്രകാശ് നല്ലൊരു മനസ്സിന് ഉടമയാണ്. ഇന്ന് 60 വയസ്സ് പിന്നിട്ടിട്ടും സൗന്ദര്യത്തിന് മാറ്റു കുറയാതെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അവർ ഒരു അമ്മൂമ്മ കൂടിയാണ്. വേദനകളിലൂടെ വളരുന്ന ശാന്തമായ ധൈര്യവും ആത്മവിശ്വാസവുമാണ് ജീവിതപാഠങ്ങളെന്ന് ഓർമിപ്പിക്കുന്നു.” ആലപ്പി അഷ്‌റഫ് പറഞ്ഞു.














