കോഴിക്കോട് ∙ പേരാമ്പ്രയിൽ കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. താമരശ്ശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ. താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫ്വാൻ എന്നിവരാണ് സംഭവത്തിൽ കസ്റ്റഡിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. കൂത്താളി മുതൽ ബ്ലോക്ക് ഓഫിസ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവർ സീറ്റിന് അരികിൽ പ്രത്യേക അറയിലാണ് കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിരുന്നത്. രേഖകളില്ലാതെ കടത്തികൊണ്ടു വരികയായിരുന്ന 31.90 ലക്ഷത്തിന്റെ കുഴൽപ്പണം കഴിഞ്ഞ ഞായറാഴ്ച എക്സൈസും പിടികൂടിയിരുന്നു. കൊടുവള്ളി നല്ലുറമ്മിൽ മുഹമ്മദ് സാമിറിൽനിന്നാണ് ഞായറാഴ്ച പുലർച്ചെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്.














