കോഴിക്കോട് ∙ വാഹനം പാർക്ക് ചെയ്തതു ചോദ്യം ചെയ്ത മാത്തറ സ്വദേശി മുരളിയെ കുത്തി പരുക്കേൽപ്പിച്ച കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് (34) പന്തീരങ്കാവ് പൊലീസിന്റെ പിടിയിൽ. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിലാണ് താമസിക്കുന്നത്.ഒളവണ്ണ പഞ്ചായത്ത് റോഡിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ റോഡിനു നടുവിൽ ബൈക്ക് നിർത്തിയിട്ടത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം ഉണ്ടാകുകയും അതിനെ തുടർന്ന് പ്രതി മുരളിയെ തടഞ്ഞു വയ്ക്കുകയും മരക്കമ്പ് കൊണ്ട് മർദിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പേനാകത്തിപോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് മുഖത്തും കൈയിലും തുടയിലും കുത്തിപ്പരുക്കേൽപ്പിച്ചതായാണ് കേസ്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർ സുനീഷ്, സിപിഒമാരായ അരുൺ ഘോഷ്, നിഷാദ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.














