Kerala

മേപ്പാടി-ചൂരൽമല ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും- റവന്യൂമന്ത്രി

കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ മുഴുവൻ ബാങ്ക് വായ്പകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ വിമുഖത കാട്ടിയ സാഹചര്യത്തിലാണ്, മാനുഷിക പരിഗണന മുൻനിർത്തി ഈ ബാധ്യതകൾ സംസ്ഥാനം തന്നെ വഹിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്) നിന്നാണ് ഇതിനാവശ്യമായ തുക അനുവദിക്കുന്നതെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.

ജില്ലാ കളക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ പരിശോധിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ദുരന്തബാധിതരായ 555 ഗുണഭോക്താക്കൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി എടുത്ത 1620 വായ്പകളിലെ കുടിശ്ശിക തുകയായ 18,75,69,037.90 രൂപയാണ് സർക്കാർ ഇത്തരത്തിൽ അടച്ചുതീർക്കുന്നത്. ഈ ബാധ്യത മുഴുവനായി സർക്കാർ ഏറ്റെടുക്കുന്നതിലൂടെ ദുരന്തം തകർത്തെറിഞ്ഞ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം നൽകാനാണ് ലക്ഷ്യമിടുന്നത്.

ദുരന്തം നടന്നയുടൻ തന്നെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം നടപടി സ്വീകരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും സ്റ്റേറ്റ് ലെവൽ ബാങ്കിങ് കമ്മിറ്റിയിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. എന്നാൽ, ദുരന്തബാധിതരുടെ കടമെഴുതിത്തള്ളാൻ അധികാരം നൽകുന്ന ആ നിയമത്തിലെ സെക്ഷൻ തന്നെ തങ്ങൾ റദ്ദാക്കി എന്ന മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഈ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രം ഏതെങ്കിലും തരത്തിലുള്ള അനുകൂല നടപടി സ്വീകരിക്കുമെന്ന് കേരളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്, ദുരന്തബാധിതരുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ നേരിട്ട് കടബാധ്യതകൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.