Kerala

ശബരിമല സ്വർണക്കൊള്ള: കേസിലെ ആറാം പ്രതി ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം

കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായി 43–ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ദ്വാരപാലക ശിൽപ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചതെന്നതും കേസിന് ആസ്പദമായ രേഖയിൽ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.

കേസ് അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെ ശ്രീകുമാർ ജയിൽ മോചിതനായേക്കും. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനു പിന്നാലെ ശബരിമല സ്വർണാപഹരണ കേസിൽ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ.

അതേസമയം, ശബരിമല കേസിലെ മറ്റൊരു പ്രതി കെ.പി. ശങ്കരദാസിന്റെ ജുഡീഷ്യൽ റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്. ശബരിമലയിൽ വിവാദ സ്വർണക്കടത്ത് നടന്ന സമയത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.