‘നീലത്താമര’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് അർച്ചന കവി. നടിയുടെ ആദ്യ വിവാഹം പിന്നീടുണ്ടായ വിവാഹമോചനവുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. 2021 ലായിരുന്നു അർച്ചന വിവാഹമോചിതയാകുന്നത്. കഴിഞ്ഞ വർഷം അർച്ചന വീണ്ടും വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം റിക്ക് എന്നയാളെയാണ് അർച്ചന വിവാഹം ചെയ്തത്.
ഒരു ഡേറ്റിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം പിന്നീട് വലിയൊരു ആത്മബന്ധമായി മാറുകയായിരുന്നു. അർച്ചനയുടെ രണ്ടാം വിവാഹത്തിന്റെ വിഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും, മറിച്ച് ഒരു പെൺകുട്ടിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നതാണെന്നും പറയുകയാണ് അർച്ചന. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു അർച്ചനയുടെ കുറിപ്പ്.
ഭർത്താവ് റിക്ക് വർഗീസിന്റെ കുടുംബത്തിൽ തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചാണ് അർച്ചന പ്രധാനമായും പറഞ്ഞത്. ‘‘വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍ വച്ചിരിക്കുന്നത്.
ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും. ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. അതായിരിക്കും ഓരോ പെൺകുട്ടിയുടെയും സ്വപ്നം.’’ -അർച്ചന കവി കുറിച്ചു.














