Kerala

മിഠായി നൽകി ഉപദ്രവിച്ചത് രണ്ട് പെൺകുട്ടികളെ; പോക്സോ പ്രതിക്ക് റിമാൻഡില്ല, സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു

തലശ്ശേരി∙ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരം അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി. കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ് തലശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ‌‌ഇയാളെ തലശ്ശേരി അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സ്വന്തം ജാമ്യം അനുവദിച്ചത്. ഫെബ്രുവരി രണ്ടിനു മുൻപായി ആൾ ജാമ്യം നേടണമെന്നും കോടതി ഉത്തരവിട്ടു. വാദി ഭാഗത്തിനു വേണ്ടി പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. പൊലീസ് തന്നെ മർദിച്ചുവെന്ന് പ്രതി കോടതിയിൽ പറഞ്ഞതായാണ് വിവരം.

പോക്സോ കേസ് പ്രതിക്ക് കോടതിയിൽ ഹാജരാക്കിയ അന്ന് തന്നെ ജാമ്യം നൽകുന്നത് ജില്ലയിൽ ആദ്യമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ബി.പി. ശശീന്ദ്രൻ പറഞ്ഞു. സാധാരണ മജിസ്ട്രേറ്റിന്റെ മുൻപിലാണ് പോക്സോ കേസ് പ്രതികളെ ഹാജരാക്കാറുള്ളത്. പ്രോസിക്യൂഷനെ കേട്ടശേഷമാണ് ജാമ്യം നൽകുക. നേരിട്ട് ജില്ലാ കോടതിയിൽ ഹാജരാക്കിയത് എന്താണെന്ന് വ്യക്തമല്ല. പോക്സോ ജാമ്യമില്ലാ വകുപ്പാണെങ്കിലും ജില്ലാ കോടതിക്ക് ജാമ്യം നൽകുന്നതിന് അധികാരമുണ്ട്. ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയിലെ ഒരു കല്യാണ വീട്ടിൽ എത്തിയ 12 വയസ്സുള്ള പെൺകുട്ടികളെ മിദ്‌ലാജ് മിഠായി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടികൾ പിന്നീട് രക്ഷിതാക്കളെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഓട്ടോറിക്ഷയിൽ എത്തിയ ആളാണ് പീഡിപ്പിച്ചതെന്ന സൂചനയെത്തുടർന്ന് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.