ഈരാറ്റുപേട്ട ∙ വീടിനടുത്ത സ്റ്റോപ്പിൽ കെഎസ്ആർടിസി പ്രീമിയം ബസ് നിർത്താത്തതിനെതിരെ പ്രതികരിച്ച് മേലുകാവ് സ്വദേശിനി അനുകൂല ഉത്തരവ് നേടി. കാഞ്ഞിരംകവല പുതിയാത്ത് ഷൈല മണിക്കുട്ടനാണു രാത്രിയിൽ യാത്ര ചെയ്യുന്നവർക്കെല്ലാം ഉപകാരപ്രദമായ ഉത്തരവ് നേടിയെടുത്തത്. തിരുവനന്തപുരത്തു സോഫ്റ്റ്‌വെയർ ഡവലപ്പറായി ജോലി ചെയ്യുകയാണു ഷൈലയുടെ മകൾ ലക്ഷ്മിപ്രിയ.തിരുവനന്തപുരം – കൽപറ്റ സൂപ്പർ ഫാസ്റ്റ് ബസിലാണു ശനിയാഴ്ചകളിൽ വീട്ടിലേക്കു വരുന്നത്. മടങ്ങിപ്പോകുന്നതും ഇതേ ബസിൽത്തന്നെ. സൂപ്പർ ഫാസ്റ്റിനൊപ്പം പ്രീമിയം എന്നാക്കിയതോടെ, അർധരാത്രി വീടിനടുത്തുള്ള കാഞ്ഞിരംകവല സ്റ്റോപ്പിൽ ബസ് നിർത്തില്ലെന്നായി ജീവനക്കാർ. 15 കിലോമീറ്റർ അകലെ തൊടുപുഴയിലാണ് അടുത്ത സ്റ്റോപ്പ്. മകൾ അവിടെയിറങ്ങി തിരിച്ചു വരേണ്ടതിലുള്ള ബുദ്ധിമുട്ട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഷൈല അറിയിച്ചു. ലക്ഷ്മിപ്രിയയെ മന്ത്രിയുടെ സെക്രട്ടറി വിളിച്ച് കണ്ടക്ടർക്കു ഫോൺ നൽകാൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ ഫോൺ വാങ്ങിയില്ല.
തുടർന്നു സെക്രട്ടറി കണ്ടക്ടറുടെ ഫോണിലേക്കു നേരിട്ടു വിളിച്ച് ഇക്കാര്യം പറയേണ്ടി വന്നു. ഷൈല അടുത്ത ദിവസം ഗതാഗത കമ്മിഷണർക്കു പരാതിയും നൽകി. തുടർന്നാണു മിന്നൽ സർവീസ് ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളും പ്രീമിയം സർവീസ് ബസുകളും സുരക്ഷാർഥം രാത്രിയാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തു നിർത്തണമെന്നുള്ള ഉത്തരവിറങ്ങിയത്.














