ചെറുതുരുത്തി ∙ തൃശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന 70 വയസ് കഴിഞ്ഞ മൂന്നു സഹോദരിമാർ വിഷം കഴിച്ചു, ഒരാൾ മരിച്ചു. മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്നു സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സരോജിനിയമ്മയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്. മറ്റു രണ്ടുപേരും ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. മൂന്നു സഹോദരിമാരും അവിവാഹിതരാണ്.
വീടിനു പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് സഹോദരിമാരെ അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ജീവിത നൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.














