തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.
വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് എസ്‌ഐയ്ക്ക് മർദനമേറ്റത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനായിരുന്നു മർദനം. നഗരൂർ സ്വദേശിയായ നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗാനമേളയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഗാനമേളയ്ക്കു ശേഷം നന്ദുവും സുഹൃത്തുക്കളും ചേർന്ന് പൊലീസ് സംഘത്തെ ആക്രമിച്ചെന്നാണ് പരാതി.
എസ്‌ഐ അൻസാറിനെ വളഞ്ഞിട്ടു മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയാണ് നന്ദുവിനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.














