Kerala

‘തോക്കു ചൂണ്ടി, ഭാഗ്യം പോയി’; ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, ഹാജരാക്കേണ്ട അവസാനദിനം ഇന്ന്

കണ്ണൂർ∙ തോക്കു ചൂണ്ടി തട്ടിെയടുത്തെന്ന് പരാതിയുള്ള, ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല. ലോട്ടറി ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും. പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനാണ് ഡിസംബർ 30ന് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് അടിച്ചത്. കാറിലെത്തിയ സംഘം തോക്കൂചൂണ്ടി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സാദിഖ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ലോട്ടറി അനധികൃതമായി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം തട്ടിയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു ചിലരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പരാതിക്കാരൻ തിരിച്ചറിയാതെ വന്നതോടെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ പരാതി പിൻവലിക്കാൻ സാദിഖ് കോടതിയെ സമീപിക്കുകയും ചെയ്തു. ലോട്ടറി ടിക്കറ്റ് കൈമോശം വന്നതാണെന്നും തട്ടിക്കൊണ്ടുപോയതല്ല എന്നുമാണ് കോടതിയിൽ അറിയിച്ചത്. പ്രതികളാണെന്ന് പറഞ്ഞവരെ പൊലീസ് പിടികൂടിയിട്ടും പരാതിക്കാരന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴിമുട്ടുന്ന സാഹചര്യമായി.

കേസെടുത്തതിനു പിന്നാലെ പൊലീസ് ലോട്ടറി വകുപ്പിെന വിവരം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ടിക്കറ്റുമായി ആരും എത്തിയില്ലെന്ന് കണ്ണൂർ ജില്ലാ ലോട്ടറി ഓഫിസിൽ നിന്ന് അറിയിച്ചു. ലോട്ടറി ടിക്കറ്റുമായി വന്നാലും കേസിൽപ്പെട്ടതിനാൽ കോടതി ഉത്തരവുണ്ടെങ്കിലേ ടിക്കറ്റ് മാറാൻ സാധിക്കൂ. സാധാരണ ഗതിയിൽ ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ വൈകിയാൽ വ്യക്തമായ കാരണം കാണിച്ചാൽ 90 ദിവസം വരെ ജില്ലാ ലോട്ടറി ഓഫിസർക്ക് സമയം അനുവദിക്കാൻ സാധിക്കും. ടിക്കറ്റ് കാണാതെ വരികയോ, വിദേശത്ത് പോകുകയോ, ആശുപത്രിയിലാകുകയോ ചെയ്താലാണ് കൂടുതൽ സമയം അനുവദിക്കുന്നത്. എന്നാൽ പേരാവൂരിലെ സംഭവത്തിൽ കോടതി ഇടപെടലോടുകൂടിയെ തുടർ നടപടി ഉണ്ടാകൂ എന്ന് ജില്ലാ ലോട്ടറി ഓഫിസിൽ നിന്നും അറിയിച്ചു.

സ്ത്രീശക്തി വിഭാഗത്തിൽപ്പെട്ട എസ്എൽ 804592 ടിക്കറ്റ് കാറിലെത്തിയ സംഘം തട്ടിയെടുത്തെന്നാണ് പരാതി. ഒരു കോടി സമ്മാനം അടിച്ചാൽ നികുതി കഴിഞ്ഞ് 62,50,000 രൂപയാണ് കിട്ടുക. സാദിഖിന് 68 ലക്ഷം രൂപയും ഇടനിലക്കാരന് നാലുലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പു സംഘം സമീപിച്ചത്. തുടർന്ന് തോക്കു ചൂണ്ടി ടിക്കറ്റ് കവർന്ന് കടന്നുകളഞ്ഞുവെന്നാണ് പൊലീസിൽ പരാതി നൽകിയത്.

ഇതിനിടെ ലോട്ടറി ടിക്കറ്റ് തട്ടിക്കൊണ്ടുപോയവരും പരാതിക്കാരനും തമ്മിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായാണ് വിവരം. അതിന്റെ ഭാഗമായാണ് കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചത്. ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചാലും സമ്മാനത്തുക കിട്ടുക ഇനി എളുപ്പമാകില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.