കൊച്ചി∙ എന്തുകൊണ്ടാണ് ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സി.ജെ.റോയിയെ വിടാതെ പിന്തുടർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെ കണ്ടതിന്റെ കാരണവും വ്യക്തമല്ല.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് സ്ഥാപനങ്ങൾ മുഴുവൻ ബെംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിർത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്.
റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബിസിനസ് ദുബായിയിലേക്കു കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ വൻ പാർട്ടി റോയ് സംഘടിപ്പിച്ചിരുന്നു.
മലയാള ചലച്ചിത്രപ്രവർത്തകർ ഉൾപ്പെടെ ഇതിൽ പങ്കെടുത്തു. ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു റോയിയുമായി അടുപ്പമുള്ളവരിൽ ചിലരെ ഏജൻസികൾ ചോദ്യം ചെയ്തത്.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിർമാണത്തിനു കാത്തിരുന്നവർ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലാണ്. കേരളത്തിലെ പദ്ധതികൾക്കു വേണ്ടി ദുബായിൽനിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ റോയ് നടത്തിയിരുന്നു.














