Kerala

‘ഒരുമിച്ച് ആത്മഹത്യചെയ്യാമെന്ന് വിശ്വസിപ്പിച്ചു,സ്വന്തം കഴുത്തിലിട്ടത് മുറുകാത്ത കെട്ട്’; അറസ്റ്റ്‌

കൊഴിഞ്ഞാമ്പാറ: മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 25-നാണ് മേനോൻപാറ കെ.ബി. നഗർ കളരിക്കൽ ശ്രീശിവത്തിൽ ദീപികയെ (30) തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

ദീപികയെ ശിവാനന്ദനും നാട്ടുകാരുംചേർന്ന് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 27-നുരാത്രി 11.30-ന്‌ മരിച്ചെന്ന് മൊഴിയിൽ പറയുന്നു. എന്നാൽ, സംഭവത്തിൽ ശിവാനന്ദൻപറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയതോടെയാണ് കൊഴിഞ്ഞാമ്പാറപോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

സാരിയിൽ കെട്ടിത്തൂങ്ങിയ ദീപികയെ കെട്ടഴിച്ചിറക്കി നിലത്തുകിടത്തിയ ശേഷമാണ് ശിവാനന്ദൻ നാട്ടുകാരെ വിവരമറിയിച്ചത്. ആദ്യം ദീപികയ്ക്ക്‌ അപസ്‌മാരം വന്നതാണെന്ന്‌ നാട്ടുകാരോട്‌ പറഞ്ഞെങ്കിലും സാരികെട്ടിയതുകണ്ട് ചോദിച്ചതോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്ന് സമ്മതിച്ചു. പോലീസിന്റെ അന്വേഷണത്തിലാണ് യഥാർഥ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.വിവാഹംകഴിഞ്ഞ് ആറുവർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നാണ് ശിവാനന്ദൻ ദീപികയെ വിശ്വസിപ്പിച്ചത്. ദീപികയെ ഒഴിവാക്കാൻ നടത്തിയ നാടകമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു.ഇരുവർക്കും മരിക്കാനായി സാരികൊണ്ട് രണ്ട് കുടുക്കുണ്ടാക്കി. ദീപികയ്ക്കുള്ള കുടുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദന്റെ കഴുത്തിലിട്ടത് ഒരുതരത്തിലും മുറുകാത്ത തരത്തിലുമുള്ളതായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയതിൽ ശിവാനന്ദന്റെ കഴുത്തിൽ ഒരു പാടുപോലും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

തുടർന്നുനടത്തിയ ചോദ്യം ചെയ്യലിൽ ശിവാനന്ദൻ ഇക്കാര്യങ്ങൾ സമ്മതിച്ചതോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസ്‌.ഐ. കെ. ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.