Kerala

നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസിൽ പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ കേസിൽ പ്രതി നസീറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബലാത്സംഗത്തിന് 10 വർഷം തടവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴു വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കോട്ടാങ്ങൽ സ്വദേശിനിയായ 26-കാരിയാണ് 2019 ഡിസംബർ 15-ന് കൊല്ലപ്പെട്ടത്. സുഹൃത്തായ ടിജിൻ്റെ വീട്ടിലാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവിലാണ് യഥാർഥ പ്രതിയായ നസീറിനെ പിടിച്ചത്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിന്റെ ശാസ്ത്രീയതെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടർച്ചയായി ചോദ്യംചെയ്തത്. ഇതിൽ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ടിജിനും പിതാവും വീട്ടിൽനിന്ന് രാവിലെ പുറത്തുപോയശേഷം നസീർ, യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചത്. തുടർന്ന്, മുണ്ട് കഴുത്തിൽ കുരുക്കി മേൽക്കൂരയിലെ ഇരുമ്പുഹുക്കിൽ കെട്ടിത്തൂക്കുകയായിരുന്നു.ടിഞ്ചു മൈക്കിൾ കൊലക്കേസിൽ സംശയമുന ആദ്യം നീണ്ടത് ഒപ്പം താമസിച്ചിരുന്ന ടിജിനിലേക്കാണ്. ഇരുവരും 12 വർഷം പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേർക്കും വേറെ വിവാഹം കഴിക്കേണ്ടിവന്നു. പക്ഷേ, പിന്നീട് ടിഞ്ചു ഭർത്തൃവീട്ടിൽനിന്ന് ഇറങ്ങി കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലെത്തി. ടിജിനൊപ്പം പോകുകയാണെന്ന് അവിടെ എഴുതിവെച്ചു. അതിന് മുൻപുതന്നെ ടിജിനും ഭാര്യയും തമ്മിൽ അകന്നിരുന്നു. ഒന്നരവയസ്സ് മാത്രമുള്ള കുഞ്ഞിനൊപ്പമായിരുന്നു ടിജിന്റെ താമസം. ഇദ്ദേഹം ടിഞ്ചുവിനൊപ്പം താമസം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോൾ, 2019 ഡിസംബർ 15-നാണ് ജീവിതം തകിടംമറിച്ച സംഭവം നടന്നത്.

അന്ന് പിതാവ് ജോസഫ്, കൊച്ചുമകനുമായി പൊൻകുന്നത്തെ ബന്ധുവീട്ടിലേക്ക് രാവിലെ പോയിരുന്നു. ഓട്ടോഡ്രൈവറായ ടിജിന് ഹരിപ്പാട്ടേക്ക് ഓട്ടം കിട്ടി. നാട്ടുകാരനും പരിചയക്കാരനുമായ നസീർ ആ സമയത്താണ് തടി നോക്കാനെത്തിയത്. ഇരുവരും തമ്മിൽ കണ്ടതുമാണ്. അന്ന് വൈകീട്ട് നാലുമണിയോടെ പിതാവ് വിളിച്ചുപറയുമ്പോഴാണ് ടിഞ്ചുവിന്റെ മരണവാർത്ത ടിജിൻ അറിയുന്നത്. വീട്ടിലെത്തിയ ടിജിനെ മുറിയിലേക്കുപോലും കയറ്റിയില്ല. പെരുമ്പെട്ടി എസ്ഐ ആയിരുന്ന ഷെരീഫിന് തന്നെ പ്രതിയാക്കാൻ തിടുക്കമായിരുന്നെന്ന് ടിജിൻ പറയുന്നു. ടിഞ്ചുവിന്റെ സംസ്കാരത്തിലും പങ്കെടുക്കാനായില്ല. ചോദ്യം ചെയ്യാനായി വരുത്തി സ്റ്റേഷനിലെ ക്രൂരമർദനത്തിൽ ടിജിന്റെ നട്ടെല്ലിനും മുഖത്തും പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഒരാഴ്ച ചികിത്സയിൽ കഴിഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതോടെ എസ്.ഐ., ആശുപത്രിയിൽ എത്തി ചെലവിന് പണം വാഗ്ദാനം ചെയ്തു. ഡോക്ടർമാരും ജീവനക്കാരും ഇടപെട്ടാണ് എസ്ഐയെ അന്ന് ഇറക്കിവിട്ടത്. പരിക്കേറ്റ് ഏറെനാൾ നടുവിന് ബെൽറ്റിട്ട് കഴിയേണ്ടിവന്നു. ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.