പത്തനാപുരം (കൊല്ലം)∙ ‘ഇനി ജീവിക്കാൻ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോൾ വൻ തുക ശമ്പളവുമായി വരാം’ ജയിൽ ശമ്പളം വർധിപ്പിച്ച സർക്കാരിനെതിരെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് പ്രതികാരമായി എസ്‌ടി പ്രമോട്ടർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയയാളെ പുറത്താക്കി. പഞ്ചായത്തിന് പുറത്തുള്ളയാളെ നിയമിച്ചാണ് സർക്കാർ പകരം വീട്ടിയത്.പിറവന്തൂർ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം.
4 പേർ പങ്കെടുത്തതിൽ ഒന്നാം സ്ഥാനത്തെത്തിയ ഷീനാ പ്രകാശിനെ ഒഴിവാക്കാൻ പുനലൂർ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നയാളെയാണ് ഇവിടെ പ്രമോട്ടറായി നിയമിച്ചത്. അതത് നഗറുകളിൽ ഒന്നാമതെത്തുന്നയാളെ പ്രമോട്ടറാക്കണമെന്നാണ് കീഴ്‌വഴക്കം. ഒന്നാമതെത്തിയിട്ടും നിയമനം വൈകുന്നതിനെത്തുടർന്ന് ഷീന പ്രകാശ്, ട്രൈബൽ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. സർക്കാരിനെതിരെ പോസ്റ്റിട്ട കാര്യത്തിൽ മുഖ്യമന്ത്രിക്കു പരാതി ലഭിച്ചെന്നും നിയമിക്കാനാവില്ലെന്നുമായിരുന്നു മറുപടി. പിറവന്തൂർ പഞ്ചായത്തിൽ മൂന്ന് ആദിവാസി നഗറുകളാണുള്ളത്. ഇവിടങ്ങളിലേക്ക് രണ്ട് പ്രമോട്ടർമാരെയാണ് നിയമിക്കുന്നത്.














