Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെ 4 കേസ്: ഹർജിക്കാരന് 40,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി ∙ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർ‍ത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി അടക്കം 4 കേസുകൾ അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്യിച്ചതിനാണ് കഴിഞ്ഞ ഡിസംബർ 23ന് കോടതി പിഴ ചുമത്തിയത്. ഇതിനെതിരെ ഹർജിക്കാരൻ പുനഃപരിശോധനാ ഹർജി നൽകുകയായിരുന്നു. എന്നാൽ ഹർജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും വ്യക്തമാക്കി കോടതി റിവ്യൂ പെറ്റിഷൻ തള്ളുകയായിരുന്നു.

കോടതി അവധിക്കു ശേഷം ചേരുമ്പോൾ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്യിച്ചതെന്ന് പിഴ ചുമത്തിയ വേളയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു കേസിനു ശേഷം ഹർജിക്കാരന്റെ അഭിഭാഷകരും കോടതിയിൽ ഉണ്ടായിരുന്നില്ല. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണ് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പിഴ ചുമത്തിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.