വൈക്കം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചതിൽ വിവാദം. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്ന് എംഎൽഎ. വൈക്കം നഗരസഭ 23–ാം വാർഡായ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപയാണ് സി.കെ.ആശ പിൻവലിച്ചത്. ഫണ്ട് പിൻവലിക്കണമെന്ന എംഎൽഎയുടെ നിർദേശത്തെത്തുടർന്ന് നടപടി സ്വീകരിക്കണമെന്ന് കലക്ടർ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നൽകി.കഴിഞ്ഞ ജൂലൈ 18നാണ് റോഡ് നവീകരണത്തിന് ഫണ്ടിൽനിന്നു തുക അനുവദിക്കാൻ എംഎൽഎ ശുപാർശ നൽകിയത്. ജൂലൈ 29ന് എസ്റ്റിമേറ്റ് ലഭ്യമാക്കാൻ നഗരസഭാ സെക്രട്ടറിക്കു നിർദേശം നൽകി. എന്നാൽ ഈ മാസം 12ന് ഈ പ്രവൃത്തി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കലക്ടർക്കു കത്തു നൽകി. ഫണ്ട് അനുവദിച്ച സമയത്ത് എംഎൽഎയെ അഭിനന്ദിച്ച് ഫ്ലെക്സ് ബോർഡ് വച്ചിരുന്നു.
23–ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സോണി സണ്ണിയാണ് ജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതാണു ഫണ്ട് പിൻവലിക്കാൻ കാരണമെന്നാണു കോൺഗ്രസിന്റെ ആരോപണം. 4 വർഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ റോഡ്. വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ഉയർത്തി നിർമിക്കുന്നതിനു കൂടിയാണ് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് അടക്കം പൂർത്തിയാക്കി നഗരസഭ നൽകിയിരുന്നതായി കൗൺസിലർ സോണി സണ്ണി പറഞ്ഞു. എന്നാൽ കഴിഞ്ഞ ജൂലൈയിൽ അനുവദിച്ച ഫണ്ടിൽ ഈ മാസം റിവ്യൂ നടത്തിയപ്പോൾ എസ്റ്റിമേറ്റ് ലഭിച്ചില്ലെന്നു സി.കെ.ആശ എംഎൽഎ പറഞ്ഞു.എസ്റ്റിമേറ്റ് ഇല്ലാത്തതിനാൽ ഭരണാനുമതി നൽകാൻ സാധിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ലാപ്സാകാതെ സമയബന്ധിതമായി വർക്കുകൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് പിൻവലിച്ചത്. എംഎൽഎ ഫണ്ട് പരമാവധി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ.ആശ പറഞ്ഞു.














