Kerala

ക്ഷേമനിധി തട്ടിപ്പിന് കൂട്ട് ചില MVD ഉദ്യോഗസ്ഥർ, കൂടെ ഇടനിലക്കാരും

തിരുവനന്തപുരം: മോട്ടോർവാഹന ക്ഷേമനിധി കുടിശ്ശിക തട്ടിപ്പിന് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ട്. ‘വാഹൻ’ സോഫ്റ്റ്വേറിലെ പിഴവ് മുതലെടുത്താണ് ക്ഷേമനിധി കുടിശ്ശികയുള്ള വാഹനങ്ങളുടെ സേവനവിലക്ക് മാറ്റുന്നത്.

നികുതിക്കുടിശ്ശികയെത്തുടർന്ന് ജപ്തി നേരിടുന്ന വാഹങ്ങൾക്കും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാത്തവയ്ക്കും നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ഇളവ് നൽകുന്നുണ്ട്.കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കാൻ ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യുന്നത്. കൗണ്ടറുകളുടെ ചുമതലയുള്ള ചില ജീവനക്കാരാണ് ഇടനിലക്കാർക്ക് കൂട്ടുനിൽക്കുന്നത്. അധിക നികുതി, ഫീസ് തുടങ്ങി വാഹനരേഖകൾ പരിശോധിച്ച് തുക കണക്കാക്കി ഈടാക്കുന്നതിനാണ് കോമ്പൗണ്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇങ്ങനെ കണക്കാക്കിയ തുക അടയ്ക്കാൻ കൗണ്ടർ ക്ലാർക്ക് യൂസർനെയിമും പാസ്വേഡും നൽകും. ഇതുപയോഗിച്ച് ഓൺലൈനിൽ തുകയടച്ച് രസീത് ഹാജരാക്കുമ്പോൾ സേവനവിലക്ക് നീക്കും. ഓഫീസ് മേലധികാരിയുടെ അനുമതിയോടെയാണ് കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കേണ്ടത്. എന്നാൽ, ഓഫീസ് മേധാവി അറിയാതെയും ഉദ്യോഗസ്ഥർക്ക് ഇത് ചെയ്യാനുള്ള സൗകര്യം സോഫ്റ്റ്വേറിലുണ്ട്.ദേവികുളം, മാനന്തവാടി, പെരുമ്പാവൂർ, പാല, കരുനാഗപ്പള്ളി ഓഫീസുകളിൽ സേവനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾക്ക് കൊല്ലം ആർ.ടി.ഓഫീസിൽനിന്ന് ഇത്തരത്തിൽ വിലക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

ജപ്തി നടപടികളിലേക്ക് നീങ്ങിക്കഴിഞ്ഞാൽ വില്ലേജ് ഓഫീസുകളിലാണ് തുക അടയ്‌ക്കേണ്ടത്.പിന്നെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ പണം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. റോഡ് നികുതി കുടിശ്ശികയ്ക്ക് പുറമേ ജപ്തി നടപടികൾക്കുള്ള ചെലവും റവന്യൂവകുപ്പ് ഈടാക്കാറുണ്ട്. ഇതിനുപകരം മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ കുടിശ്ശിക വാങ്ങുമ്പോൾ റവന്യൂവകുപ്പിന് കിട്ടേണ്ട തുക നഷ്ടമാകും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.