കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താനാണ് പരിശോധന. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കും. ഇതിനായി 12-ാം തീയ്യതി സാംപിളുകള്‍ ശേഖരിക്കും.
ശബരിമല കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. സ്വര്‍ണപ്പാളികളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നാഷണല്‍ ലാബില്‍ പരിശോധിക്കാനുള്ള സാഹചര്യം പരിശോധിക്കണം. 19ാം തീയ്യതി കേസ് വീണ്ടും പരിഗണിക്കും, അന്ന് സാംപിള്‍ പരിശോധന സംബന്ധിച്ച സാധ്യതയുള്‍പ്പെടെ അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു.ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്‌ഐടി അന്വേഷണം ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏത് തരത്തില്‍ ആണ് നടന്നതെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025 ലെ സ്വര്‍ണം പൂശലില്‍ ശാസ്ത്രീയവശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം, കേസില്‍ ഉള്‍പ്പെട്ടവരുടെ പരമാവധി ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കണം. പഴയ ഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ സമിപിക്കാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. ഇതിന് പുറമെ കൈയ്യക്ഷര പരിശോധന നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ രണ്ട് പേരുടെ പങ്കാളിത്തം കൂടി പരിശോധിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.














