കാസർകോട്∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ (രേഷ്മ – 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ചിന്നുവിന്റെ കൂടെ വാടകവീട്ടിൽ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ആൺസുഹൃത്തിനെ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചതോടെയാണ് ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതേസമയം ചിന്നുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചിന്നുവിനെ രക്ഷിക്കാനായില്ല.
ഇൻസ്റ്റഗ്രാം അടക്കം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നു ചിന്നു പാപ്പു. ഇവർക്ക് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ചിന്നു പാപ്പു ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുണ്ട്.














