Kerala

കുട്ടികളെയും അധ്യാപകരെയും സ്കൂളിൽനിന്നു പുറത്താക്കി സമരക്കാർ

കോഴിക്കോട് ∙ പണിമുടക്കു ദിനത്തിൽ സ്കൂളിലെത്തിയ അധ്യാപകരെയും വിദ്യാർഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി കൊടി നാട്ടി സിഐടിയു പ്രവർത്തകർ. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിൽ രാവിലെ 9.45 ഓടെയാണ് സംഭവം. ഗേറ്റു പൂട്ടി സമരക്കാർ മുദ്രാവാക്യം വിളി തുടങ്ങിയതോടെ അധ്യാപകർക്കു റോഡിൽനിൽക്കേണ്ടിവന്നു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നും വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അധ്യാപകർ പറഞ്ഞു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കുകയാണ്.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്തു തുടരുകയാണ്. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാണ്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ മിക്കയിടത്തും സര്‍വീസുകൾ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലില്ല. ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.