തിരുവനന്തപുരം ∙ സിവിൽ പൊലീസ് ഓഫിസറായ മിഥുൻ റോയിയെ മാളിലെ അടിപിടിക്കേസിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ നടപടി വന്നേക്കും. സംഭവത്തിനു ശേഷം മെഡിക്കൽ അവധിയിലാണു മിഥുൻ. സംഭവത്തിന്റെ റിപ്പോർട്ടും ദൃശ്യങ്ങളും സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ടും കമ്മിഷണർ ആവശ്യപ്പെട്ടു.ഒന്നര വർഷം മുൻപ്, ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയപ്പോൾ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മിഥുൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാട്ടി മിഥുനെതിരെ എസ്എഫ്ഐ അന്നു പരാതി നൽകി.
വട്ടിയൂർക്കാവിൽ കാർ അപകടവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലിൽ മിഥുനെയും കുടുംബത്തെയും വീട് കയറി 12 അംഗ സംഘം ആക്രമിച്ചതിനും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മിഥുൻ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്നമുണ്ടാക്കിയെന്നാണ് എതിർ ഭാഗത്തിന്റെ വാദം.പുതുവർഷത്തിലെ ഡിജെ പാർട്ടിക്കിടെ ലാത്തികൊണ്ടടിച്ചതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്ഐ പ്രവർത്തകർ മാളിൽവച്ച് മിഥുനെ മർദിച്ചത്. മിഥുനെതിരെ കേസെടുത്തത് വിവാദമായിരുന്നു. ഇതോടെ, സിവിൽ പൊലീസ് ഓഫിസർക്കെതിരെ എടുത്ത കേസ് റദ്ദാക്കാൻ പൊലീസ് തീരുമാനിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. പൊലീസുകാരനെ മർദിച്ച സംഭവത്തിൽ 2 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുർജിത്(19), വിനയ് പ്രകാശ്(23) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർക്ക് ജാമ്യം ലഭിച്ചു.














