ന്യൂഡൽഹി ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയരേഖകളിൽ ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന് വെളിപ്പെടുത്തൽ. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ പ്രകാരം, ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇന്ത്യയിലെ യുഎസ് എംബസി വഴി അവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോമ്പൻസേഷൻ വഴി അപേക്ഷ നൽകാനും അവർക്ക് സഹായം ലഭ്യമാക്കാനും ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയവും നടത്തി.
2014 ജൂൺ 5ന് ബിൽ ഗേറ്റ്സ് എപ്‌സ്റ്റീന് അയച്ച ഇമെയിലിൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സെപ്റ്റംബർ 17ന് ഇന്ത്യയിൽ വച്ച് ഡോ. ഹർഷ വർധനുമായുള്ള കൂടിക്കാഴ്ചയാണോ നിങ്ങളുടെ ലക്ഷ്യം എന്നാണ് ബിൽ ഗേറ്റ്സ് ചോദിക്കുന്നത്.
രാജ്യത്തെ പ്രമുഖ പിആർ പ്രമോട്ടറായ ദിലീപ് ചെറിയാനെ കാണാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് 2017 ഏപ്രിലിൽ എപ്‌സ്റ്റീന്റെ സഹായി മെയിൽ അയച്ചതായും പുറത്തുവന്ന രേഖകളിൽ പറയുന്നു. ദിലീപ് ചെറിയാൻ ഇന്ത്യയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും അക്കാലത്ത് അദ്ദേഹം പാരിസിലുണ്ടെന്നും ഇ–മെയിലിലുണ്ട്. 2010 ജൂലൈ 8ലെ മറ്റൊരു ഇമെയിലിൽ, പേര് വെളിപ്പെടുത്താത്ത ഒരു യുവതി തന്റെ വിമാനയാത്രയ്ക്കിടെ പ്രായമായ ഒരു ഇന്ത്യൻ വ്യക്തിയിൽ നിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് എപ്‌സ്റ്റീനോട് സംസാരിക്കുന്നുണ്ട്. മദ്യപിച്ചെത്തിയ അയാൾ മോശമായി സ്പർശിച്ചെന്നും പെരുമാറിയെന്നും അവർ വിവരിക്കുന്നു.














