Listen live radio

‘ഡീപ്പ് ക്ലീന്‍ വയനാട്’: മഹാശുചീകരണ യജ്ഞവുമായി കുടുംബശ്രീ

after post image
0

- Advertisement -

കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ ‘ഡീപ്പ് ക്ലീന്‍ വയനാട്’ എന്ന പേരില്‍ മഹാശുചീകരണ യജ്ഞത്തിനൊരുങ്ങുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ ഒന്നര ലക്ഷം അയല്‍ക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി അണു നശീകരണ പ്രക്രിയയുടെ ഭാഗമാവും. ആഗസ്റ്റ് 23 ന് ഞായറാഴ്ചയാണ് ജില്ലയിലുടനീളം ശുചീകരണ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണ കൂടം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹായിക്കുകയാണ് കുടുംബശ്രീ ഡീപ് ക്ലീന്‍ വയനാടിന്റെ ലക്ഷ്യം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടാംഗവും അവരുടെ വീട്ടിലെ മുഴുവന്‍ സ്ഥലവും ഉപകരണങ്ങളും അണുനശീകരണവും ക്ലോറിനേഷനും നടത്തും. കൂടാതെ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു പ്രതിരോധ ഗുളികകളുടെയും ആയുര്‍വേദ മരുന്നുകളുടേയും വിതരണവും നടത്തും. അയല്‍ക്കൂട്ട പരിധിയില്‍ ആളുകള്‍ കൂടുന്ന ബസ് സ്റ്റോപ്പ്, പാലളക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളും മാനദണ്ഡം പാലിച്ചു കൊണ്ട് വൃത്തിയാക്കും. അയല്‍ക്കൂട്ട പ്രദേശത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട കിടപ്പു രോഗികള്‍, മറ്റ് അസുഖ ബാധിതര്‍, വയോജനങ്ങളുടെ വീടുകള്‍ എന്നിവ വൃത്തിയാക്കുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ നേതൃത്വം നല്‍കും. പട്ടിക വര്‍ഗ ഊരുകളിലെ വീടുകളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഡി.എസിനൊപ്പം ട്രൈബല്‍ അനിമേറ്റര്‍മാരും നേതൃത്വം നല്‍കും.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും ക്യാമ്പയിനില്‍ സഹകരിക്കുന്നുണ്ട്. നിലവില്‍ കുടംബശ്രീ ഹരിത കര്‍മ്മ സേനയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും വിവിധ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ജനപ്രതിനിധികളും കുടുംബാംഗങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും.
നിലവില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും നിരന്തരം അവബോധ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഓണ്‍ലൈന്‍ യോഗങ്ങളിലൂടെ നടത്തി വരുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടപ്പിലാക്കുന്ന സിഡിഎസ് സംവിധാനം വഴിയാണ് അയല്‍ക്കൂട്ടാംഗങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നത്. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിരന്തരം ആരോഗ്യ സാമൂഹ്യ വകുപ്പുമായി ചേര്‍ന്ന് ഗ്രാന്‍ഡ് കെയര്‍ എന്ന പ്രവര്‍ത്തനവും കുടുംബശ്രീ നടത്തി വരുന്നു. ശുചീകരണ ക്യാമ്പയിനിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് എന്റെ ഭവനം ശുചിത്വ ഭവനം എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ കുടുംബ സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ അംഗങ്ങളും വീട്ടിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത് ഹാന്‍ഡ് വാഷ് നല്‍കി കൈകഴുകി കൊണ്ടായിരിക്കും. ഇത് സംസ്‌കാരത്തിന്റെ ഭാഗമാക്കി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ വിപുലമാക്കാനും കുടുംബശ്രീ ലക്ഷ്യം വെക്കുന്നുണ്ട്.

Leave A Reply

Your email address will not be published.