തിരുവനന്തപുരം ∙ ഒൻപതര വർഷം മുൻപ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളെങ്കിൽ ഇപ്പോൾ 884 ആയി. മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷിക്കുന്നവർക്കെല്ലാം ബാർ അനുവദിക്കണമെന്നതാണു സർക്കാർ നിലപാട്. എന്നാൽ, ബവ്റിജസ് ഷോപ്പുകളുടെ എണ്ണത്തിൽ ഈ നിരക്കിലുള്ള വർധനയില്ല. അധികാരമേൽക്കുമ്പോൾ 309 ബവ്റിജസ് ഷോപ്പുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 336 ആയി. കള്ളുഷാപ്പുകളുടെ എണ്ണം 5177ൽ നിന്ന് 5171 ആയി കുറഞ്ഞു.
അബ്കാരി ഷോപ്പുകൾ തുടങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന പിണറായി സർക്കാർ 2017ൽ എടുത്തുകളഞ്ഞിരുന്നു. പ്രതിഷേധമുയർന്നാൽ തദ്ദേശസ്ഥാപനങ്ങൾ അനുമതി നിഷേധിക്കുന്ന രീതിയായിരുന്നു പണ്ട്. ഇതിനെതിരെ സുപ്രീം കോടതി വരെ പോയി അനുകൂല ഉത്തരവ് വാങ്ങി. കേരള പഞ്ചായത്ത് ആക്ട് ഭേദഗതി ചെയ്തു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പുതിയ മദ്യനയത്തെത്തുടർന്നാണ് ഭൂരിഭാഗം ബാറുകളും പൂട്ടുകയും പഞ്ചനക്ഷത്ര റാങ്കിങ്ങുള്ള ബാർ ഹോട്ടലുകൾക്കു മാത്രമായി ലൈസൻസ് പരിമിതപ്പെടുത്തുകയും ചെയ്തത്. പിന്നാലെ അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാർ കോഴ ആരോപണവുമായി ബാറുടമകൾ രംഗത്തെത്തി. ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് ഉയർന്ന ആരോപണം. വിജിലൻസ് കേസെടുത്തതിനു പിന്നാലെ മാണിക്കു രാജിവയ്ക്കേണ്ടിവന്നു.














