Kerala

അത് കത്രികയല്ല, വയറിൽ കുടുങ്ങിയാലും പ്രശ്നമില്ലെന്ന് ഡോക്ടർ; തൊഴിലിനോടുള്ള അനാദരവെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ∙ ഗവ. ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബിക. ഉപകരണം അകത്തുപോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. വീട്ടമ്മ മുൻപും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തതു താനല്ലെന്നും വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം തൊഴിലിനോടുള്ള അനാദരവാണ് ലളിതാംബികയുടെ പ്രതികരണത്തിലുള്ളതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഹരികുമാർ അറിയിച്ചു.

ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച 10 സെന്റീമീറ്ററോളം വലുപ്പമുള്ള കത്രികയുമായി തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര നാൽപതിൽചിറയിൽ ഉഷ ജോസഫ് (51) 5 കൊല്ലത്തോളം കഠിനവേദന സഹിച്ചു ജീവിക്കുകയായിരുന്നു. മുഴ കണ്ടെത്തിയതിനെത്തുടർന്നു 2021 മേയ് മൂന്നിനാണ് ഗൈനക്കോളജി വിഭാഗത്തിൽ ഉഷയുടെ ഗർഭപാത്രം നീക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കൂട്ടിരിപ്പുകാർ ഒപ്പമുണ്ടായിരുന്നില്ല.

ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുതൽ വയറുവേദന പതിവായിരുന്നെന്ന് ഉഷ പറയുന്നു. പല ഡോക്ടർമാരെയും കണ്ടെങ്കിലും മൂത്രത്തിൽ കല്ലാണെന്നായിരുന്നു നിഗമനം. ഇതിനു മരുന്നു കഴിച്ചെങ്കിലും വേദന കുറഞ്ഞില്ല.

കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ മെഡിക്കൽ കോളജിൽനിന്നു വിരമിച്ച യൂറോളജി വിദഗ്ധനായ ഡോക്ടറെ കണ്ടു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് ഇന്നലെ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തിയെങ്കിലും ഗുളിക നൽകി, 23ന് വീണ്ടും വരാൻ ആവശ്യപ്പെട്ടു മടക്കി അയച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.