കോഴിക്കോട് ∙ ബീച്ചിനു സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. 4 തൊഴിലാളികൾക്കു പരുക്കേറ്റു. സ്ലാബിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സും തൊഴിലാളികളും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബ് അടർന്നു വീണത്. സ്ലാബിനടിയിൽ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി. മുൻപ് പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സൺഷെയ്ഡാണ് തകർന്നു വീണത്. അരിപ്പൊടി ഉൾപ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവർത്തിക്കുന്നത്.
വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ 4പേരെ പുറത്തെടുത്ത് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഫയർഫോഴ്സ് അംഗങ്ങൾ കൂടിയെത്തി നടത്തിയ പരിശ്രമത്തിന് ഒടുവിൽ ഒരാളെ കൂടി പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ, കെട്ടിടഭാഗങ്ങൾ നീക്കുന്നത് വരെ പരിസരം പൊലീസ് വടം കെട്ടി തിരിച്ചു.














