കോഴിക്കോട്: കണക്കെടുപ്പ് പൂർത്തിയായപ്പോൾ നഗരത്തിൽ കണ്ടെത്തിയത് 28,510 തെരുവുനായകൾ. മൃഗസംരക്ഷണവകുപ്പിന്റെ ചട്ടപ്രകാരം പൂക്കോട് വെറ്ററിനറി കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബേപ്പൂർ, നടുവട്ടം മേഖലകളിലാണ് കൂടുതലുള്ളത്.
2018-ൽ കോർപ്പറേഷനിലെ തെരുവുനായകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ 13,182 എണ്ണമായിരുന്നു ഉണ്ടായിരുന്നത്. എട്ടുവർഷത്തിനിടെ 15,328 നായകളാണ് കൂടിയത്. കോർപ്പറേഷനിൽ എ.ബി.സി. പദ്ധതി നടപ്പാക്കിയില്ലായിരുന്നെങ്കിൽ തെരുവുനായകളുടെ എണ്ണം ഒരുലക്ഷം മുതൽ അഞ്ചുലക്ഷംവരെയാകുമായിരുന്നു. സർവേയിലുൾപ്പെട്ട നായകളിൽ 45 ശതമാനം വന്ധ്യംകരണം നടത്തിയവയാണെന്നും വ്യക്തമായി. എ.ബി.സി.യിലൂടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാൻപറ്റിയെന്നാണ് ഇതിലൂടെ വ്യക്തമായതെന്ന് കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. ചുരുങ്ങിയത് പത്തുവർഷമെങ്കിലും വന്ധ്യംകരണം തുടർച്ചയായി നടപ്പാക്കിയാൽ മാത്രമേ എ.ബി.സി.ക്കുശേഷം തെരുവുനായകളുടെ എണ്ണം കുറയൂവെന്നാണ് കണക്കാക്കുന്നത്.കോർപ്പറേഷനിലെ 76 വാർഡുകളിൽ തിരഞ്ഞെടുത്ത 28 വാർഡുകളിലാണ് സർവേ നടത്തിയത്. തെരുവുനായകൾ കൂടുതലും കുറവുമുള്ള സ്ഥലങ്ങളിലെല്ലാം സർവേ നടത്തി. അന്തിമറിപ്പോർട്ട് രണ്ടാഴ്ചകൊണ്ട് സമർപ്പിക്കും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, ഏത് പ്രദേശത്താണ് കൂടുതൽ ഊന്നൽ നൽകേണ്ടത് തുടങ്ങിയ കാര്യങ്ങൾ അതിലുണ്ടാകും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി ഇടപെടാനും നിർദേശം നൽകി.പ്രാഥമിക റിപ്പോർട്ട് വെറ്ററിനറി കോളേജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജ്, മേയർ ഒ. സദാശിവന് കൈമാറി. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യക്ഷരായ കെ. രാജീവ്, വി.പി. മനോജ്, വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.
ലൈസൻസ് നിർബന്ധംവീടുകളിൽ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്. എന്നാൽ, പലരും ഇക്കാര്യത്തിൽ വിമുഖത കാട്ടുകയാണ്. കോർപ്പറേഷനിൽ ആയിരത്തോളം ലൈസൻസെടുത്തിട്ടുണ്ട്. ലൈസൻസിന് കെസ്മാർട്ടിലൂടെ അപേക്ഷിക്കാം. 500 രൂപയാണ് ലൈസൻസ് ഫീസ്. 300 രൂപ മൈക്രോചിപ്പിനും വേണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ലൈസൻസ് നൽകൂ. റാബീസ് വാക്സിൻ കാലാവധി എന്നുവരെയാണോ അതുവരെയാണ് ലൈസൻസ് കാലാവധി. മൈക്രോചിപ്പ് സ്‌കാൻചെയ്താൽ ഉടമയുടെ വിവരം അറിയാൻപറ്റും.














