Kerala

കത്രിക മൂത്രാശയം തുളച്ച് അകത്തു പ്രവേശിച്ചു! കത്രികയുടെ അഗ്രഭാഗത്ത് ലവണം അടിഞ്ഞു ‘കല്ലായി’; ‘ശസ്ത്രക്രിയയു‍ടെ വിവരങ്ങൾ പുറത്ത്’

ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫു കുട്ടിയുടെ വയറ്റിൽ പെട്ടു പോയ കത്രിക മൂത്രാശയം തുളച്ച് അകത്ത് എത്തിയ നിലയിൽ. കത്രിക പോലിരിക്കുന്ന ശസ്ത്രക്രിയ ഉപകരണമായ ‘മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സിന്റെ’ 3 സെന്റിമീറ്ററോളം ഉഷയുടെ യൂറിനറി ബ്ലാഡറിന്റെ ഉള്ളിൽ എത്തിയിരുന്നു. മൂത്രത്തിലെ ലവണാംശം മൂലം കത്രികയുടെ അഗ്രഭാഗത്ത് ‘കല്ലു’ പോലെ രൂപപ്പെട്ടിരുന്നു. അഗ്രഭാഗം തുളച്ചു കയറിയതിനാലാകാം മൂത്രത്തിൽ രക്തം കലർന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നു. മൂത്രത്തിൽ കല്ലെന്ന നിഗമനത്തിൽ ചികിത്സ ആരംഭിച്ചതു മൂലമാണ് അൾ‌ട്രാ സൗണ്ട് സ്കാനും എക്സ്റേയും എടുത്തതും വയറ്റിലെ കത്രിക കണ്ടെത്തിയതും.

കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്. സർജറി വിഭാഗം മേധാവി ഡോ. ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്. ശനിയാഴ്ച ശസ്ത്രക്രിയയ്ക്കു ശേഷം, തൊണ്ടി മുതലായ കത്രിക, കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ‍‍‍ഡിവൈഎസ്പി കെ.എൻ. രാജേഷിനു കൈമാറി. ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശി ഉഷയുടെ (51) വയറ്റിൽ കത്രിക മറന്നു പോയത്. 5 വർഷങ്ങൾക്കു മുൻപായിരുന്നു ശസ്ത്രക്രിയ. അടുത്തിടെ വയറു വേദനയും കിഡ്നി സ്റ്റോണും സംശയിച്ച് ആലപ്പുഴയിൽ യൂറോളജിസ്റ്റ് ഡോ. എം.നാസറിനെ കണ്ടപ്പോഴാണ് പരിശോധനയിൽ കത്രിക കണ്ടത്.

∙ ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നും, ശരീരം അനങ്ങിയാൽ വേദന‘മൊസ്കിറ്റോ ഫോർസെപ്സ് ബ്ലാഡറിലേക്ക് കയറിയതിനാലാകാം നടക്കുമ്പോഴും അനങ്ങുമ്പോഴും വേദന അനുഭവപ്പെട്ടതെന്ന് ഡോ. കെ.വി. സഞ്ജീവൻ പറഞ്ഞു. ‘ ബ്ലാഡറിനു പുറത്തായിരുന്നു ഫോർസെപ്സ് ഇരുന്നത്. അഞ്ചോ ആറോ മാസങ്ങൾക്കു മുൻപാകാം ബ്ലാഡറിലേക്ക് കയറിത്തുടങ്ങിയത്. നടക്കുമ്പോഴും ശരീരം അനങ്ങുമ്പോഴും വേദന തോന്നാം. ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്നും തോന്നും. ഇതുവരെ മറ്റു പ്രശ്നങ്ങൾ തോന്നാതിരുന്നതും ബ്ലാഡറിലേക്ക് പ്രവേശിക്കാത്തതു കൊണ്ടാകാം. ശരീരത്തിൽ അങ്ങനെ സംഭവിക്കാം. ആദ്യം സിസ്റ്റോസ്കോപ്പി വഴി സ്ഥാനം കണ്ടെത്തി. തുടർന്ന്, മൊസ്കിറ്റോ നീക്കം ചെയ്തു. മൊസ്കിറ്റോയുടെ അഗ്രഭാഗത്ത് ധാതുക്കൾ അടിഞ്ഞു കൂടിയിരുന്നു. ഇതാകാം പ്രാഥമിക നിഗമനത്തിൽ കല്ലായി തോന്നിയത്’ – ഡോ. സഞ്ജീവൻ‌ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം ഉഷ ജോസഫു കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്ന് സർജൻ ഡോ. ഒ.വി. സുധീർ പറഞ്ഞു.

കിഡ്നി സ്റ്റോൺ എന്നു കരുതിയാണ് ചികിത്സ ആരംഭിച്ചതെന്ന് ആലപ്പുഴ ‍ടി.ഡി. മെഡിക്കൽ കോളജ് യൂറോളജിസ്റ്റ് ഡോ. എം.നാസർ പറഞ്ഞു. ‘ വയറു വേദന എന്നാണ് ഉഷ ആദ്യം പറഞ്ഞത്. മൂത്രത്തിൽ രക്തം കാണാറുണ്ടെന്നും നടക്കുമ്പോൾ വേദന തോന്നുന്നുണ്ടെന്നും പറഞ്ഞു. സ്വാഭാവികമായും കിഡ്നി സ്റ്റോൺ സംശയിച്ചു. കിഡ്നി സ്റ്റോൺ സ്ഥിരീകരിക്കാൻ വേണ്ടി വയറിന്റെ അൾട്രാ സൗണ്ട് സ്കാൻ ചെയ്തു. എക്സ്റേയും എടുത്തു. അപ്പോഴാണ് പുറത്തു നിന്നുള്ള ലോഹഭാഗം കണ്ടത്. അഗ്രഭാഗത്ത് കി‍ഡ്നി സ്റ്റോണും സംശയിച്ചു. സിടി സ്കാൻ എടുത്താൽ മാത്രമേ കത്രികയുടെ കൃത്യസ്ഥാനം കണ്ടെത്താൻ കഴിയൂ’– ഡോ. നാസർ പറഞ്ഞു.

2021 മേയ് 10നായിരുന്നു ഉഷയുടെ ശസ്ത്രക്രിയ. സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ അസോഷ്യേറ്റ് പ്രഫ. ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച കേസിൽ അന്വേഷണം നടക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.