Kerala

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

വിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ് നിർമാതാവ് വാദിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് പറയുന്നു. ചിത്രത്തിന്റെ പേര് മാറ്റാൻ കഴിയില്ലെന്നും കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.. ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്നങ്ങളാണ് ടീസറിൽ കാണിക്കുന്നത്. കേരളത്തിൽ മാത്രമുള്ളതല്ല. ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട്’ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

രണ്ടുമിനിറ്റ് ടീസർ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല. സെൻസർ ബോർഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.‘കേരള സ്റ്റോറി’ എന്ന ടൈറ്റിലിലും വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്‌നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

അതേസമയം ടീസറോ ട്രെയിലറോ പിൻവലിക്കാൻ കോടതി ഉത്തരവിട്ടിട്ടില്ലെന്ന് നിർമാണക്കമ്പനിയായ സൺഷൈൻ പിക്‌ചേഴ്‌സ് വെളിപ്പെടുത്തി. ടീസർ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിർമ്മാതാക്കൾ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും, ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവോ വിധിയോ ഉണ്ടായിട്ടില്ലെന്നും നിർമ്മാതാക്കൾഅവകാശപ്പെടുന്നു. ചിത്രത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിച്ച സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെ ഈ വിശദീകരണം. ‘ദ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ ടീസറിലെയും ട്രെയ്ിലറിലെയും ഉള്ളടക്കം പ്രകോപനപരമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങൾ സിനിമയിലില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ മറുപടി. ഹർജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്നും ഇതിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വാദങ്ങൾ ഉന്നയിക്കാനുണ്ടെന്നും നിർമ്മാതാക്കളുടെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കേസ് തുടർവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

തങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും ടീസർ നീക്കം ചെയ്തിട്ടില്ലെന്നും സൺഷൈൻ പിക്‌ചേഴ്‌സിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും ഇവ ഇപ്പോഴും ലഭ്യമാണെന്നും നിർമ്മാതാക്കളുടെ പ്രസ്താവനയിൽ പറയുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും അത്തരം തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്നും മാധ്യമങ്ങളോടും വ്യക്തികളോടും നിർമാതാക്കൾ അഭ്യർഥിച്ചു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത് തടയാനാണ് നിർമാണക്കമ്പനി ഈ വിശദീകരണം നൽകിയിരിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.