തിരുവനന്തപുരം∙ യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. കിളിരൂർ കേസിലെ അതിജീവിതയ്ക്ക് പ്രായപൂർത്തിയായിരുന്നെന്നാണു വിശദീകരണം. കവിയൂർ കേസിലെ പെൺകുട്ടിയുടെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു. ‘‘മുപ്പത്തി മൂന്നര വർഷം ഞാൻ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. കുട്ടികൾക്കു വേണ്ടിയും സ്ത്രീകൾക്കു വേണ്ടിയും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. കിളിരൂർ കേസിലെ പെൺകുട്ടി മരിക്കുമ്പോൾ പ്രായപൂർത്തിയായിരുന്നു. പോക്സോ കേസ് നിൽക്കില്ലെന്ന് അന്വേഷിച്ചാൽ പൊലീസിന് മനസിലാകും. കവിയൂർ കേസിലെ കുട്ടിയുടെ പേര് ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല’’ – ശ്രീലേഖ പറഞ്ഞു.
അതേസമയം അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് ശ്രീലേഖയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നും പരാതിയിലുണ്ട്.














