Kerala

വീടിനായുള്ള ശ്രുതിയുടെ അപേക്ഷ തള്ളി മന്ത്രിസഭ; തള്ളിയത് വീടു നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ കണക്കിലെടുക്കാതെ

തിരുവനന്തപുരം ∙ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ടൗൺഷിപ്പിൽ വീട് ആവശ്യപ്പെട്ടു നൽകിയ അപേക്ഷ മന്ത്രിസഭ തള്ളി. കോൺഗ്രസ് ശ്രുതിക്കു വീടു നൽകാതെ കബളിപ്പിച്ചെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖും ശ്രുതിക്ക് ആദ്യം വീടുവച്ചു കൊടുത്ത ശേഷം കോൺഗ്രസ് അഞ്ചിന ഗാരന്റിയെക്കുറിച്ചു സംസാരിക്കട്ടെയെന്നു മുഖ്യമന്ത്രിയും കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, ശ്രുതിയുടെ അപേക്ഷ പരിഗണിച്ച് അവർക്ക് വീടു നൽകാമെന്നു ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിട്ടും നൽകേണ്ടെന്നാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം 10നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.വയനാട് ടൗൺഷിപ്പിൽ സർക്കാർ നിർമിക്കുന്ന വീട് സ്വീകരിക്കുകയോ പകരം 15 ലക്ഷം രൂപ കൈപ്പറ്റുകയോ ചെയ്യാമെന്ന 2 ഓപ്ഷനുകളാണു ദുരന്ത ബാധിതർക്കു മുന്നിൽ സർക്കാർ നൽകിയത്. 2 സ്വകാര്യ സംഘടനകൾ വീടു നിർമിച്ചു നൽകാമെന്ന് അറിയിച്ചതിനാൽ സർക്കാരിന്റെ വീടു വേണ്ടെന്നുവച്ച് പകരം 15 ലക്ഷം രൂപ കൈപ്പറ്റാനായിരുന്നു ശ്രുതിയുടെ തീരുമാനം. എന്നാൽ, സ്വകാര്യ സംഘടനകൾ വീടിന്റെ നിർമാണം പൂർത്തിയാക്കാത്തതിനാൽ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാമെന്നും പകരം സർക്കാരിന്റെ ടൗൺഷിപ്പിൽ വീട് നൽകണമെന്നും ആവശ്യപ്പെട്ട് ശ്രുതി കഴി‍ഞ്ഞ ഡിസംബറിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നെന്ന് ചീഫ് സെക്രട്ടറി തയാറാക്കിയ മന്ത്രിസഭായോഗ കുറിപ്പിൽ പറയുന്നു.

മറ്റു സംഘടനകളുടെ വീട് കൈപ്പറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ ശ്രുതിക്കു സർക്കാർ വീടു നൽകാമെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഫയലിൽ കുറിച്ചത്. സമാനമായ ആവശ്യവുമായി ആരെങ്കിലും വന്നാൽ കലക്ടറുടെ ശുപാർശയോടെ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കണം. 15 ലക്ഷം രൂപ വേണ്ടെന്നുവച്ച് ടൗൺഷിപ്പിൽ വീടു തിരഞ്ഞെടുക്കാൻ ഗുണഭോക്താക്കൾ തയാറാകുന്നതു സർക്കാരിനു ലഭിക്കുന്ന അംഗീകാരമായി വേണം കരുതാനെന്നും ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെങ്കിലും ഫലമുണ്ടായില്ല. മാർച്ച് 10ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിക്കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു 5 ദിവസം മുൻപു ചേർന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാരിനു താൽപര്യമുള്ള ഒട്ടേറെ ഫയലുകളിൽ തിരക്കിട്ടു തീരുമാനമെടുത്തെങ്കിലും ശ്രുതിക്കു വേണ്ടി മന്ത്രിസഭയിൽ വാദിക്കാൻ ആരുമുണ്ടായില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.