തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രഖ്യാപിച്ചതോടെ സ്ഥാപനത്തിനു വലിയ സാമ്പത്തികബാധ്യതയില്ലാതെ പദ്ധതി ഏതു രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നു തലപുകയ്ക്കുകയാണ് അധികൃതര്‍. മേയ് എട്ടു മുതല്‍ അഞ്ചു ദിവസം കെഎസ്ആര്‍ടിസി സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ യാത്രക്കാരുടെ എണ്ണം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കണം, എത്രത്തോളം സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കേണ്ടിവരും എന്നതു സംബന്ധിച്ചാണു ചര്‍ച്ചകള്‍ നടക്കുന്നത്.
കര്‍ണാടക മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണു സൂചന. അന്തര്‍സംസ്ഥാന ബസുകളിലും എസി ബസുകളിലും ഒഴികെ സൗജന്യ യാത്ര നടപ്പാക്കിയാല്‍ വരുന്ന ബാധ്യത സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഗതാഗത മന്ത്രി ചുമതലയേറ്റശേഷം ഇതുവരെയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ശമ്പളത്തിനും പെന്‍ഷനുമായി നൂറുകോടിയോളം രൂപ സര്‍ക്കാര്‍ മിക്ക മാസങ്ങളിലും കെഎസ്ആര്‍ടിസിക്കു നല്‍കുന്നുണ്ട്. പ്രതിദിനം 3 കോടിയുടെ ബാധ്യത വന്നാല്‍ പോലും സൗജന്യ യാത്രയ്ക്കായി 90 കോടി കൂടി അധികം നല്‍കേണ്ടി വരും. കെഎസ്ആര്‍ടിസിക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.‘പകുതി യാത്രക്കാരും സ്ത്രീകൾ, വരുമാനം പകുതിയാകും’
സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുന്നതിനു തൊട്ടുപിന്നാലെ പദ്ധതി നടപ്പാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പ്രായോഗികമായ ആലോചനകള്‍ക്കു വേണ്ടിയാണ് ഒരു മാസം സമയം നീട്ടിയിരിക്കുന്നത്. നിലവില്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനം 7-8 കോടി രൂപയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെ യാത്രക്കാരില്‍ 40 – 50 ശതമാനത്തോളം സ്ത്രീകളാണ്. ഇതു പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തു മുഴുവനായി പദ്ധതി നടപ്പാക്കിയാല്‍ 3.5 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതു കൊണ്ടാണ് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയുന്നത്.
സൗജന്യം പ്രഖ്യാപിച്ചാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ ദീര്‍ഘദൂര യാത്രകള്‍ക്കുള്‍പ്പെടെ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന നിലയുണ്ടാകുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്നു കൊല്ലം വരെ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകള്‍ നിജപ്പെടുത്തണമെന്നും കിലോമീറ്റര്‍ പരിധി വയ്ക്കണമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഇന്ദിരാ ഗ്യാരന്റി’ക്ക് പ്രചോദനം ദക്ഷിണേന്ത്യഅയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയുടെയും തെലങ്കാനയുടെയും തമിഴ്‌നാടിന്റെയും മാതൃകയിലാണ് ഇന്ദിരാ ഗ്യാരന്റിയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തും പദ്ധതി നടപ്പാക്കുന്നത്. കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍, ട്രാന്‍സ്ജെൻഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ കര്‍ണാടക സ്വദേശികളായ സ്ത്രീകള്‍ക്കു ശക്തി സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ആര്‍ടിസി, ബിഎംടിസി, എന്‍ഡബ്ല്യുകെആര്‍ടിസി, കെകെആര്‍സിടി എന്നീ അഞ്ചു കോര്‍പറേഷനുകളുടെ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. 2023 ജൂണ്‍ 11 മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. ബെംഗളൂരുവില്‍ മാത്രം 24 ലക്ഷത്തോളം പേരാണ് പ്രതിദിനം സൗജന്യമായി യാത്ര ചെയ്യുന്നത്.ഓര്‍ഡിനറി, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്, എക്‌സ്പ്രസ് ബസുകളില്‍ നടപ്പാക്കിയിരിക്കുന്ന പദ്ധതി പ്രകാരം പ്രതിദിനം 11 കോടിയോളം രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുന്നത്. തെലങ്കാനയില്‍ സമാനമായ രീതിയില്‍ തന്നെയാണു സൗജന്യയാത്ര. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്റഡര്‍മാര്‍ക്കും എല്ലാ ഓര്‍ഡിനറി ബസുകളിലും സിറ്റി, ടൗണ്‍ ബസുകളിലും 30 കി.മീ വരെയാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ചെന്നൈ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബംഗാളില്‍ അധികാരമേറ്റ ബിജെപിയും സമാനമായ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.














