National

വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു; 3 മണിക്കൂറുള്ള എച്ച്ഡി പതിപ്പ് അടക്കം പുറത്ത്?

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ടിവികെ സ്ഥാപകന്‍ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ സിനിമ ഇന്റർനെറ്റിൽ. ചിത്രത്തിന്‍റെ ടൈറ്റില്‍ ക്രെഡിറ്റ്സും വിജയ്‌യുടെ ഇന്‍ട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ലീക്ക് ആയത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ട് ഉണ്ട്.സിനിമയുടെ എഡിറ്റിങ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്നും അഭ്യൂഹങ്ങളുണ്ട്. സംഭവത്തിനെതിരെ ഇതിനകം വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഇവ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിനോട് ആരാധകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എക്സില്‍ നിന്നും വിഡിയോയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂ‍ഢാലോചനയുണ്ടെന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്. ആരും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ പങ്കിടരുതെന്നും അങ്ങനെ ചെയ്താല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

സിനിമ ലീക്ക് ആയതിനു പിന്നാലെ ഒരു വിഭാഗം വിമർശനവുമായി എത്തി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ ഔദ്യോഗിക റീമേക്ക് ആണ്. എന്നാൽ ‘ഭഗവന്ത് കേസരി’യുടെ ഓരോ ഫ്രെയിമും അതുപോലെ തന്നെ പകർത്തി വച്ചിരിക്കുകയാണ് സംവിധായകൻ. സിനിമയുടെ ഇൻട്രോ സീനിൽ അഭിനേതാക്കൾ മാറിയെന്നതല്ലാതെ ഫ്രെയിമുകളെല്ലാം ഒരേ പോലെയാണെന്നാണ് വിമർശനം. വിജയ്‌യ‍ുെട അവസാന ചിത്രമെന്ന നിലയില്‍ കുറച്ചെങ്കിലും മാറ്റം വരുത്താമായിരുന്നെന്നാണ് ആരാധകരുടെ അടക്കം അഭിപ്രായം.തമിഴ്‌നാട് തെരഞ്ഞെടുപ്പ് വരാനിരിക്കെ ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താൽ രാഷ്ട്രീയ പ്രേരണയിലാണ് ചിത്രം തടഞ്ഞുതെന്ന ആരോപണം വിജയ് ആരാധകർ അടക്കം ഉന്നയിച്ചിരുന്നുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ ലീക്കായ ക്ലിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങൾ.

വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ പേര് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കയ്യില്‍ പച്ച കുത്തിയതായി ലീക്കായ ക്ലിപ്പുകളിലൂടെ വ്യക്തമാണ്. വിജയ് നായകനായ മെർസൽ, തെരി തുടങ്ങിയ നിരവധി സിനിമകളും റിലീസിങ് തടയൽ നേരിട്ടിട്ടുണ്ട്. നടൻ വിജയുടെ സിനിമ കരിയറിൽ ഇത് ആദ്യമായല്ല ഒരു സിനിമ വിവാദങ്ങൾക്ക് അധിഷ്‌ഠിതമായി റിലീസിങ് തടഞ്ഞു വയ്ക്കുന്നത്. എന്നാൽ റിലീസിനു മുമ്പേ ഒരു വിജയ് ചിത്രം ലീക്ക് ആയി പുറത്തു വരുന്നത് ഇതാദ്യമാണ്.കഴിഞ്ഞ ജനുവരി 9 നായിരുന്നു ജനനായകന്‍ തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജനനായകന്‍റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് ഇതുവരെയും നല്‍കിയില്ലെന്നാണ് ആക്ഷേപം. നിലവില്‍ സിബിഎഫ്സി റിവൈസിങ് കമ്മിറ്റിയുടെ മുന്‍പാകെയാണ് ചിത്രം.

അതേസമയം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പിന് ശേഷമേ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നും അഭ്യൂഹങ്ങളുണ്ട്.നടൻ വിജയ്‌യുടെ അവസാന ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങിവരില്ല എന്ന് താരം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ‘ജന നായകന്‍’ വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. വിജയ്‌യുടെ 69-ാമത്തെ ചിത്രം കൂടിയാണിത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെ.വി.എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. അനിരുദ്ധ് ആണ് സംഗീത സംവിധാനം. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.