വണ്ടിപ്പെരിയാർ ∙ വിവാഹസൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്കു പരുക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണു മ്ലാമലയിലെ കേറ്ററിങ് സംഘത്തിലെ തൊഴിലാളികളും വരന്റെ ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടിയത്.
സൽക്കാരത്തിന്റെ ഏറ്റവും അവസാന ഭാഗത്താണു വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം മേശയും മറ്റും വൃത്തിയാക്കി കൊണ്ടിരുന്ന കേറ്ററിങ് തൊഴിലാളികൾ, വരന്റെ ബന്ധുക്കൾ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നു പറഞ്ഞു. തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നു വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു.














