സ്വർണവില രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്നു രാവിലെ കേരളത്തിലും ഇടിഞ്ഞു. യുഎഇക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം, ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വെല്ലുവിളി എന്നിവയെ തുടർന്ന് ക്രൂഡോയിൽ വിലയും യുഎസ് ഡോളർ ഇൻഡക്സും ഉയർന്നത് രാജ്യാന്തര സ്വർണവിലയെ താഴ്ത്തിയിരുന്നു. ഇതാണ് ഇന്ന് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.പക്ഷേ, സംസ്ഥാനത്ത് സ്വർണത്തിന് പല ജ്വല്ലറികളിലും പലവിലയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നൽകിയ വില ഗ്രാമിന് (22 കാരറ്റ് സ്വർണം) 65 രൂപ കുറച്ച് 14,320 രൂപ. പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപ. 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 50 രൂപ താഴ്ന്ന് 11,830 രൂപ. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 290 രൂപയിലുമെത്തി.
എന്നാൽ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഇന്നു നിശ്ചയിച്ച വില (22 കാരറ്റ് സ്വർണം) ഗ്രാമിന് 50 രൂപ കുറച്ച് 14,300 രൂപയാണ്. 400 രൂപ കുറച്ച് പവൻവില 1,14,400 രൂപ. ഗ്രാമിന് 40 രൂപ കുറച്ച് 11,750 രൂപയാണ് ഇവർ 18 കാരറ്റ് സ്വർണത്തിന് ഈടാക്കുന്നത്. വെള്ളിക്ക് ഇവരും നിശ്ചയിച്ച വില 290 രൂപ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സ്വർണവില ഗ്രാമിന് 14,300 രൂപയാണ് നിശ്ചയിച്ചത്.സ്വർണത്തിന് അസോസിയേഷനുകളും ജ്വല്ലറികളും വ്യത്യസ്ത വിലയിടുന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശയക്കുഴപ്പമാകുന്നുണ്ട്.ഇറാനും യുഎസും തമ്മിൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലും യുഎഇക്ക് നേരെയുള്ള ആക്രമണവും മൂലം ക്രൂഡോയിൽ വില ബാരലിന് 2.17% ഉയർന്ന് 107.7 ഡോളർ ആയിട്ടുണ്ട്. ബ്രെന്റ് വില 1.85% വർധിച്ച് 111.3 ഡോളറിലുമെത്തി. ഇതോടെ രാവിലെ രാജ്യാന്തര സ്വർണവില ഔൺസിന് 20 ഡോളറോളം നഷ്ടം നേരിട്ട് 4530 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു.














