Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. മരിച്ച യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മരണം ആസൂത്രിതമാണെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീ പെട്രോളുമായി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തിൽ മരിച്ച സോനയുടെ പങ്കും പൊലീസ് പരിശോധിക്കുകയാണ്. അപകടദിവസം ഒരു ബന്ധുവിനൊപ്പം ഇവർ പുറത്തുപോയിരുന്നു. അന്നുവൈകിട്ട് ഏഴരയോടെയാണ് ഭർത്താവെത്തി സോനയെ ബന്ധുവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത്. യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്.എട്ടുമാസം ഗർഭിണിയായ പേരാമ്പ്ര പാലേരി കല്ലിക്കണ്ടിവീട്ടിൽ സോന കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിൻ ലാൽ (30) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സോനയുടെ പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവ ലഭിച്ചയുടൻ പരാതി നൽകാനാണ് തീരുമാനമെന്ന് അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു.സോനയെ ഒഴിവാക്കാൻ രജിൻലാലിന്റെ ആസൂത്രണമായിരുന്നു തീപിടിത്തമെന്നാണ് വീട്ടുകാർ ആരോപിച്ചത്. കാറിനുള്ളിൽ മാരകമായ എന്തോ വച്ചിട്ട് രജിൻ സോനയെ മനഃപൂർവം കത്തിച്ചതുപോലെ തോന്നുന്നെന്നും അപകടമുണ്ടായപ്പോൾ പിന്നിലെ ഡോർ തുറക്കാൻ ശ്രമിക്കാതെ തോട്ടിൽചാടി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് ഫോറൻസിക്കിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിംഗിനും ഇന്ധന ടാങ്കിനും തകരാറുകളില്ലെന്ന് മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗദ്ധരും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.