തിരുവനന്തപുരം∙ കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കമലേശ്വരം ആര്യൻകുഴിക്കു സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾചർ ഡപ്യൂട്ടി ഡയറക്ടർ എൻ.രാജീവിന്റെ ഭാര്യ എസ്.എൽ.സജിത(54) മകൾ ഗ്രീമ എസ്.രാജ്(30) എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സജിതയുടെ ഭർത്താവ് എൻ.രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നും ഇവർക്ക് സയനൈഡ് കിട്ടിയത് എവിടെനിന്നാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൂന്തുറ സിഐ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. ഞാനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വർഷത്തോളമായി നേരിടുന്ന മാനസികപീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പിൽ പറയുന്നു.
‘‘എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ ആണ് എറിയുന്നത്. മോൾ അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാൻ തക്ക കാരണങ്ങൾ ഒന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു, മതിയായി’’ എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് കുറിപ്പ് അയച്ചിരിക്കുന്നത്.













