National

മരുമകളുടെ മരണത്തിനു പിന്നാലെ ജാമ്യം നേടി: ഒടുവിൽ മുൻ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ

ഭോപ്പാൽ∙ മരുമകൾ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ ജഡ്ജി ഗിരിബാല സിങ്ങിനെ സിബിഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണു നടപടി. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ അഭിഭാഷകയായ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഗിരിബാല സിങ്ങിനും മകനും അഭിഭാഷകനുമായ സമർഥ് സിങ്ങിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷൻസ് കോടതി ഗിരിബാല സിങ്ങിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമർഥ് സിങ് നിലവിൽ സിബിഐ കസ്റ്റഡിയിലാണ്. ഈ ആഴ്ച ആദ്യമാണ് മധ്യപ്രദേശ് പൊലീസിൽനിന്ന് സിബിഐ കേസ് ഏറ്റെടുത്തത്. സംസ്ഥാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സിബിഐ വീണ്ടും റജിസ്റ്റർ ചെയ്തിരുന്നു.

ഗിരിബാല സിങ്ങിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് ദേവ്നാരായൺ മിശ്രയുടെ 17 പേജുള്ള ഉത്തരവിൽ, കേസിന്റെ വസ്തുതകളും ഗിരിബാല സിങ്ങിനെതിരായ ആരോപണങ്ങളും കണക്കിലെടുത്ത് അഡീഷനൽ സെഷൻസ് ജഡ്ജി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കേണ്ടതാണെന്നു നിരീക്ഷിച്ചു.

മാനസിക പീഡനത്തിനിരയായ ട്വിഷ ഭർതൃവീട്ടിൽ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നു കുടുംബത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. മുൻകൂർ ജാമ്യം ലഭിച്ചശേഷം ഗിരിബാല സിങ് തെളിവുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹർജിക്കാർ ആരോപിച്ചു. മേയ് 13 ന് പൊലീസ് ഗിരിബാല സിങ്ങിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുത്ത ദൃശ്യങ്ങൾ അന്വേഷണത്തെ സ്വാധീനിക്കാനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. കേസിന്റെ സാഹചര്യങ്ങളും ആരോപണങ്ങളും പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുൻപ് വിചാരണക്കോടതി തെളിവുകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കണമായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.