ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലിഷ് പരിജ്ഞാനം ചോദ്യം ചെയ്ത് സുപ്രീം കോടതി; അതു തെറ്റാണെന്നും കേരളത്തിൽ മിക്കവർക്കും ഇംഗ്ലിഷ് അറിയാമെന്നും കേരളം ഭാഷാ സൗഹൃദ സംസ്ഥാനമാണെന്നും അഭിഭാഷകനായ അൽജോ ജോസഫ്.കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്കു മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവേയാണു ‘കേരളത്തിന്റെ ഇംഗ്ലിഷ്’ ചർച്ചയായത്. കേരളത്തിൽ കേസ് തുടരുന്നതിൽ പ്രശ്നമില്ലെന്നും അവിടെ ആളുകൾക്ക് ഭാഷാപരിജ്ഞാനം ഉണ്ടെന്നും കോട്ടയം സ്വദേശിക്കായി ഹാജരായ അൽജോ വാദിച്ചു. എന്നാൽ, കേരളം ഭാഷാസൗഹൃദ സ്ഥലമാണെന്നു പറയാനാകില്ലെന്നും ഇംഗ്ലിഷ് അവിടെ ബുദ്ധിമുട്ടാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.
കോട്ടയം സ്വദേശിയുമായി 2017 ൽ വിവാഹിതയായ യുവതി 2023 ൽ യുകെയിലേക്ക് താമസംമാറിയ ശേഷമാണ് ഇരുവരും അകന്നത്. വിവാഹമോചനവും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും ആവശ്യപ്പെട്ട് ഭർത്താവാണു ഹർജി നൽകിയത്. കുട്ടി 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് വാദിച്ചു.എന്നാൽ, ഭാഷാബുദ്ധിമുട്ട് അടക്കം പലകാരണങ്ങളാൽ കേരളത്തിലെ നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയില്ലെന്നു യുവതിയുടെ അഭിഭാഷകൻ വാദിച്ചു. യുവതിക്കായി കേസിന്റെ കാര്യങ്ങൾ നോക്കുന്ന അമ്മയ്ക്കുള്ള ബുദ്ധിമുട്ടും ഉന്നയിച്ചു. ഇതുവരെ കേസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നു നിരീക്ഷിച്ച കോടതി, കേസ് ലുധിയാനയിലേക്ക് മാറ്റി.














