ടെക്സസ്∙ കഴിഞ്ഞ കുറച്ചുവർഷങ്ങളായി താൻ നേരിടന്ന മാനസിക സമ്മർദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ലോകത്തെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിൽ ഒരാളും ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫേമറുമായ എഡ്ഡി ഗ്വരേരോയുടെ മകൾ ഷെറിലിൻ ഗ്വരേരോ. താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതിനു ശേഷം മാനസികമായി വളരെയധികം ബുദ്ധിമുട്ടിയെന്നും ആ കാലയളവിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയെന്നും ഷെറിലിൻ ഗ്വരേരോ പറഞ്ഞു. ‘ദ് സ്മൂത്ത് വേഗ പോഡ്‌കാസ്റ്റിലാണ്’ ഷെറിലിന്റെ തുറന്നുപറച്ചില്‍.
2020ൽ കോവിഡ് ലോക്ഡൗണിന് തൊട്ടുമുൻപ് കുടുംബത്തോടൊപ്പം നടത്തിയ ഒരു ക്രൂയിസ് യാത്രയ്ക്കിടെ തന്റെ രണ്ടാനച്ഛനായ (അമ്മ വിക്കി ഗ്വരേരൊയുടെ രണ്ടാം ഭർത്താവ്) ക്രിസ് ബെൻസൻ തന്നെ ലൈംഗികമായി അതിക്രമിച്ചു എന്ന് ഷെറിലിൻ വെളിപ്പെടുത്തിയിരുന്നു. 2023 ഏപ്രിലിൽ തന്റെ ടിക്ടോക് അക്കൗണ്ടിലൂടെയാണ് ഷെറിലിൻ ഇക്കാര്യം ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത്. അന്ന് വിക്കി ഗ്വരേരോയും ബെൻസനും ഈ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, സത്യം ഒടുവിൽ പുറത്തുവരുമെന്ന് ഷെറിലിൻ പറഞ്ഞിരുന്നു. ഇപ്പോൾ, ആ സംഭവങ്ങൾ തന്റെ മാനസികവും വൈകാരികവുമായ അവസ്ഥയെ എങ്ങനെയെല്ലാം ബാധിച്ചെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ മുന്നോട്ട് പോകാൻ തന്നെ സഹായിച്ച ആളുകളെക്കുറിച്ചുമാണ് പോഡ്‌കാസ്റ്റിൽ ഷെറിലിൽ തുറന്നുപറഞ്ഞത്.
ആ ദുരനുഭവം തന്നെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് തള്ളിവിട്ടതായി ഷെറിലിൻ വിശദീകരിച്ചു. തനിക്ക് ജീവിക്കണമെന്നും പോലും തോന്നിയില്ലെന്നും സംരക്ഷണത്തിനും പിന്തുണയ്ക്കുമായി താൻ ഒരിക്കൽ ആശ്രയിച്ചിരുന്ന മനുഷ്യരെ നഷ്ടപ്പെട്ടതിന് ശേഷം എന്തു ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നെന്നും ഷെറിലിൻ പറഞ്ഞു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും എപ്പോഴും പൊതുജനമധ്യത്തിൽ ആയിരുന്നതുകൊണ്ട്, ഇത്തരമൊരു വ്യക്തിപരമായ ആഘാതം കൈകാര്യം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയെന്നും ഷെറിലിൻ വ്യക്തമാക്കി.കാര്യങ്ങൾ സ്വകാര്യമായി കൈകാര്യം ചെയ്യുന്നതിനിടയിലും, ആളുകൾ നിരന്തരം തന്നെ നിരീക്ഷിക്കുകയും തന്റെ സാഹചര്യത്തെക്കുറിച്ച് ഓൺലൈനിൽ ചർച്ച ചെയ്യുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് ആത്മഹത്യ െചയ്യാൻ തോന്നി. സ്വയം മുന്നോട്ട് നയിക്കാൻ മാനസികമായി പോരാടേണ്ടി വന്നു. ഈ ഇരുണ്ട കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് അന്തരിച്ച പിതാവ് എഡ്ഡിയുടെ ഓർമകളും, ഗുസ്തി താരം സി.എം. പങ്ക് ഉൾപ്പെടെയുള്ളവരിനിന്ന് ലഭിച്ച മാനസിക പിന്തുണയാണെന്നും ഷെറിലിൻ പറഞ്ഞു. പോഡ്‌കാസ്റ്റിലെ തുറന്നുപറച്ചലിനു പിന്നാലെ ഷെറിലിനു പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്.
ഡബ്ല്യുഡബ്ല്യുഇ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളായിരുന്നു എഡ്ഡി ഗ്വരേരോ. ഒന്നിലധികം തവണ ചാംപ്യനായിട്ടുള്ള എഡ്ഡി, മികച്ച റിങ് പെർഫോമൻസിലൂടെയും തനതായ മാനറിസങ്ങളിലൂടെയും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടി. 2005 നവംബറിൽ, കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുഴാണ് താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. പിതാവ് മരിക്കുമ്പോൾ ഷെറിലിന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. എഡ്ഡി ഗ്വരേരൊയുടെ ഭാര്യ വിക്കി ഗ്വരേരൊ 2015ലാണ് ക്രിസ് ബെൻസനെ വിവാഹം ചെയ്യുന്നത്. ബെൻസനെതിരെ ഷെറിലിൻ നടത്തി ലൈംഗികാരോപണത്തിനു പിന്നാലെ വിക്കിയും ക്രിസ് ബെൻസനും ചേർന്ന് ഷെറിലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തെങ്കിലും 2024 ഓഗസ്റ്റിൽ കോടതി ഇതിലെ പല പ്രധാന ഭാഗങ്ങളും തള്ളിക്കളയുകയാണുണ്ടായത്.














