Kerala

5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത. ഇന്നും നാളെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് തുടരും. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 4ന് 134.30 അടിയിലെത്തി. നിലവിലെ സ്ഥിതി തുടർന്നാൽ റൂൾ കർവ് പ്രകാരം നാളെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കുമെന്നു തമിഴ്നാട് വാട്ടർ റിസോഴ്സ് ഡിപ്പാർട്മെന്റ് അസി. എൻജിനീയർ അറിയിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഏഴു മരണം റിപ്പോർട്ടു ചെയ്‌തു. മലപ്പുറം കരുവാരകുണ്ട് മഞ്ഞളാംചോലയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തരിശ് മുക്കട്ട പുറ്റാണിക്കാട്ടിൽ കമറുദ്ദീന്റെ മകൻ റംഷാദ് (30) മരിച്ചു. മഞ്ചേരി എളങ്കൂർ കുട്ടശേരി മുളച്ചീരിക്കുണ്ട് ചുള്ളിക്കുളത്ത് മഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫിനെ (42) വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് ചെമ്പഴന്തി ഇടത്തറയിൽ നഗരസഭയുടെ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി കഴക്കൂട്ടം കാട്ടായിക്കോണം ശാസ്തവട്ടം കുന്നത്തുവിള വീട്ടിൽ എസ്.സൂരജ് (17) മുങ്ങിമരിച്ചു. 22നു വെള്ളനാട് കമ്പനിമുക്കിൽ കാണാതായ തമിഴ്നാട് തെങ്കാശി സ്വദേശി സെൽവ റീഗന്റെ (31) മൃതദേഹം വെള്ളനാട് കൂവക്കുടിക്ക് സമീപം കരമനയാറ്റിൽ കണ്ടെത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.