Kerala

കാട്ടുപന്നിയെ വെടിവയ്ക്കാൻ 1500 രൂപയെന്ന് സർക്കാർ; ‘ഉണ്ട’ പോലും ഇല്ലെന്ന് ഷൂട്ടർമാർ!

അഞ്ചൽ ∙ നാട്ടിലാകെ പെറ്റു പെരുകി കർഷകർക്കു ശല്യമായി തീരുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാരിന്റെ അനുവാദം ലഭിച്ചെങ്കിലും ഷൂട്ടർമാരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത. ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1,500 രൂപയാണു സർക്കാർ അനുവദിച്ചത്. ഇതിനായി ഒരു ലക്ഷം രൂപവരെ ചെലവഴിക്കാനും പന്നിയെ വെടിവയ്ക്കാൻ ഉത്തരവ് നൽകാനും പഞ്ചായത്ത് സമിതികൾക്ക് അധികാരമുണ്ട്.എന്നാൽ ഇതു വിശ്വസിച്ചു പന്നിയെ വെടിവയ്ക്കാൻ ഇറങ്ങുന്ന തോക്ക് ഉടമകളുടെ കാര്യം കഷ്ടത്തിലാണ്. പല പഞ്ചായത്തുകളിൽ നിന്ന് ഇവർക്കു പ്രതിഫലം കിട്ടാറില്ല. സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് അധികൃതർ കയ്യൊഴിയുക ആണെന്നു തോക്ക് ഉടമകൾ പറയുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കൽ, ഇടമുളയ്ക്കൽ, ഏരൂർ, കരവാളൂർ പഞ്ചായത്തുകളിലും ജില്ലയ്ക്കു പുറത്തുള്ള കായംകുളം നഗരസഭ, മുതലമട, കൊല്ലങ്കോട്, പല്ലശ്ശന, നെന്മാറ, നല്ലേപ്പിള്ളി , കൊഴിഞ്ഞമ്പാറ, പെരുമാട്ടി, പട്ടൻതേരി, കുളനട, മുണ്ടക്കയം പരുത്തിക്കാവ്, പെരുവമ്പ്, വടക്കാഞ്ചേരി, വള്ളിക്കോട് തുടങ്ങിയ പഞ്ചായത്തുകളിലും വൻതുക കുടിശിക ലഭിക്കാനുണ്ടെന്ന് ആംഡ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

മസിൽ ലോഡിങ് ഗൺ (നാടൻ തോക്ക്), ഡബിൾ ബാരൽ ഗൺ തുടങ്ങിയ ശക്തിയും വലുപ്പവും കൂടുതലുള്ള തോക്കുകളുമായി ബസുകളിലും മറ്റും കയറി നിർ‍ദിഷ്ട സ്ഥലങ്ങളിൽ എത്തുക പ്രായോഗികമല്ല. സ്വന്തം വാഹനമോ ടാക്സികളോ ആശ്രയിച്ചാണു മിക്ക ഷൂട്ടർമാരും വേട്ടയ്ക്ക് എത്തുന്നത്. ഡബിൾ ബാരൽ തോക്കിൽ പന്നിയെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബുള്ളറ്റിനു 200 രൂപയാണു വില. കാടുകളിലും ചതുപ്പ് സ്ഥലങ്ങളിലും മറ്റും പതിയിരിക്കുന്ന പന്നികളെ വീഴ്ത്താൻ ചിലപ്പോൾ ഒന്നിലധികം ബുള്ളറ്റുകൾ വേണ്ടി വരും. തെക്കൻ ജില്ലകളിൽ ബുള്ളറ്റുകൾ വിൽക്കുന്ന ആർമറി വളരെ കുറവാണ്. എറണാകുളം, തിരുവനന്തപുരം, റാന്നി, പാലാ തുടങ്ങിയ സ്ഥലങ്ങളിലെ ആർമറികളിൽ ചെന്നു വില കൊടുത്തു വാങ്ങുന്ന ബുള്ളറ്റുകൾ ഉപയോഗിച്ചു ജീവൻ പണയപ്പെടുത്തി പന്നിയെ വെടിവച്ചു കൊന്നാൽ വണ്ടിക്കൂലി പോലും ലഭിക്കാതെ വരുന്നതു ഷൂട്ടർമാരെ വല്ലാതെ പ്രതിസന്ധിയിൽ ആക്കുന്നു. ഉണ്ട സൗജന്യമായി നൽകണമെന്ന ആവശ്യത്തിനു പരിഹാരമില്ല. ഇതിനു പുറമേ പ്രതികൂല സാഹചര്യങ്ങളിൽ പന്നിയെ വീഴ്ത്താൻ കഴിയാതെ പോയാൽ അധികൃതരുടെയും നാട്ടുകാരുടെയും പരിഹാസവും സഹിക്കേണ്ടി വരുന്നതായി തോക്ക് ഉടമകൾ പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.